Friday, May 3, 2024
spot_img

മാനേജരുടെ ബാങ്ക് കൊള്ള; നഷ്ടപ്പെട്ടത് കോർപറേഷന്റെ പണം മാത്രമല്ല; ബാങ്ക് മാനേജർ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നടക്കം അടിച്ചുമാറ്റിയത് 18 കോടിയിലേറെ രൂപയെന്ന് സംശയം; പരിശോധന തുടരുന്നു, വെളിപ്പെടുന്നത് ഞെട്ടിക്കുന്ന ബാങ്ക് കൊള്ള; അന്വേഷണത്തിന് സിബിഐ എത്താൻ സാധ്യത

കോഴിക്കോട്: കോർപറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് 15.14 കോടി കാണാതായതിനെ തുടർന്നുള്ള അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ച് മാനേജർ എം പി റിജിലാണ് രേഖകളിൽ കൃത്രിമം നടത്തി കോടിക്കണക്കിനു രൂപ ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നിന്ന് തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുടുംബശ്രീയുടേതുൾപ്പെടെ കോർപ്പറേഷന് 15 അക്കൗണ്ടുകളാണുള്ളത്. ഇതിൽ ഏഴ് അക്കൗണ്ടുകളിൽനിന്നാണ് 15.24 കോടി നഷ്ടപ്പെട്ടത്. കുടുംബശ്രീ അക്കൗണ്ടിൽനിന്ന് 10.81 കോടി പോയത് മേയ്, ജൂൺ മാസങ്ങളിലാണ്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയ്ക്കൊപ്പം കോർപ്പറേഷൻ ധനകാര്യവിഭാഗത്തിന്റെ പോരായ്മകളിലേക്കും വിരൽചൂണ്ടുന്നതാണ് ഭീമമായ ഈ ധനനഷ്ടം. അതേസമയം പണം നഷ്ടപ്പെട്ടത് കോർപറേഷന്റെ അക്കൗണ്ടുകളിൽ നിന്ന് മാത്രമല്ലെന്നും സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും തിരിമറി നടന്നിട്ടുണ്ടെന്ന് സൂചനകൾ പുറത്ത് വരുന്നു. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് പുരോഗമിക്കുന്നു. പരിശോധനകൾ പൂർത്തിയായ ശേഷമേ കൊള്ളയുടെ യഥാർത്ഥ ചിത്രം പുറത്തുവരികയുള്ളു. എങ്കിലും 18 കോടി രൂപയെങ്കിലും കൊള്ളയടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോർപ്പറേഷന്റെ തുകയ്ക്ക് പുറമേ സ്വകാര്യ അക്കൗണ്ടുകളിൽനിന്നുള്ള പണംകൂടി തിരിമറി നടത്തി. നിലവിൽ ഒരു അക്കൗണ്ടിൽനിന്ന് 18 ലക്ഷം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽപേരുടെ പണംപോയിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി.കമ്മിഷണർ ടി.എ. ആന്റണിക്കാണ് അന്വേഷണച്ചുമതല. സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ലിങ്ക് റോഡിലെ പി.എൻ.ബി.യിലെ മുൻ സീനിയർ മാനേജർ എം.പി. റിജിൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് ശനിയാഴ്ച പരിഗണിക്കും. എന്നാൽ റിജിൽ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തട്ടിപ്പിലൂടെ കരസ്ഥമാക്കിയ പണമുപയോഗിച്ചത് ഓൺലൈൻ റമ്മിപോലുള്ള ഗെയിമുകൾക്കും ഓഹരിവിപണിയിലുമാണ്. എട്ടുകോടിയോളം ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

2019 മുതൽ ഈ വർഷം ജൂൺവരെ ലിങ്ക് റോഡ് ശാഖയിൽ റിജിൽ ജോലിചെയ്തിരുന്നു.ബാങ്കിൽനിന്ന് പല ഘട്ടങ്ങളിലായാണ് റിജിൽ പണം പിൻവലിച്ചത്. പിന്നീട് എരഞ്ഞിപ്പാലത്തേക്ക് സ്ഥലം മാറ്റം ലഭിക്കുകയായിരുന്നു. അവിടെനിന്നാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ ലിങ്ക്റോഡ് ശാഖയിലെ പണം തിരിമറി നടത്തിയത്. മാനേജരുടെ അധികാരം ദുരുപയോഗംചെയ്ത് 20 ലക്ഷം വീതം പലപ്പോഴായി പിൻവലിച്ചെന്നാണ് കരുതുന്നത്. തട്ടിപ്പ് മനസ്സിലാകാതിരിക്കാൻ രേഖകളിലുൾപ്പെടെ ക്രമക്കേട് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നുള്ള കാര്യം വ്യക്തമായിട്ടില്ല. നിക്ഷേപകരുടെ പണം സുരക്ഷിതമാക്കാനുള്ള ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകൾ വ്യക്തമാക്കുന്ന സംഭാവമാണിത്. ഇത്തരം ഇടപാടുകൾക്ക് കുറഞ്ഞത് രണ്ട് ജീവനക്കാരുടെയെങ്കിലും സാന്നിധ്യം വേണമെന്നിരിക്കെ മറ്റാരുടെയെങ്കിലും സഹായമില്ലാതെ കോടികൾ കൊള്ളയടിക്കാൻ റിജിലിന് കഴിയുമോ എന്നത് ഇപ്പോൾ അന്വേഷിക്കുകയാണ്. മൂന്നു കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നാൽ വിവരം സിബിഐ യെ അറിയിക്കണമെന്നാണ് ചട്ടം അതുകൊണ്ട് തന്നെ ആഭ്യന്തര ഓഡിറ്റ് പൂർത്തിയായാലുടൻ ലോക്കൽ പോലീസിൽ നിന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

Related Articles

Latest Articles