വഡോദര: പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്ന ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. ആനന്ദ് ജില്ലയിലെ 150-ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ആറ് മാസം മുമ്പ് ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. തുടർന്ന് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചത്. ആം ആദ്മി പാർട്ടി കര്‍ഷക സംഘടനയുടെ സംസ്ഥാന നേതാവ് രവി പട്ടേലിന്റെ നേതൃത്വത്തിലാണ് രാജി.

