Sunday, May 19, 2024
spot_img

കഴിഞ്ഞയാഴ്ച 15000 രൂപ പിഴ; ഇന്ന് 25,000 ! പോലീസ് സ്റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ചു ആത്മഹത്യാശ്രമം നടത്തി ലോറി ‍ഡ്രൈവർ

കണ്ണൂർ : വാഹന പരിശോധനയ്ക്കിടെ 25,000 രൂപ പിഴചുമത്തിയതിന് പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.

ചെത്തു കല്ലുമായി പോയ ലോറി തടഞ്ഞുവച്ച പോലീസ് 25,000 രൂപ പിഴയടയ്‌ക്കാനും ലോറി സ്റ്റേഷൻ വളപ്പിൽ കയറ്റിയിടാനും നിർദേശിച്ചു. ഇതോടെ വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ താക്കോൽ പോലീസിനെ ഏൽപിക്കുകയും പിഴ അടയ്ക്കാൻ തന്റെ കയ്യിൽ പണമില്ലെന്നു അറിയിക്കുകയും ചെയ്തു. പിന്നാലെ അടുത്തുള്ള പെട്രോൾ പമ്പില്‍ നിന്നും പെട്രോളുമായെത്തി ദേഹത്ത് ഒഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. സമയോചിതമായി ഇടപെട്ട പോലീസുകാർ ഇയാളെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് തടഞ്ഞു. ഇയാളുടെ വാഹനം വിട്ടുകൊടുക്കുകയും ചെയ്തു. ശരീരം മുഴുവൻ പെട്രോൾ ഒഴിച്ചിരുന്നതിനാൽ
വെള്ളം അടിച്ച് കുളിപ്പിച്ചാണ് ഇയാളെ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ഇതേ ഡ്രൈവറിൽ നിന്നും പോലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.

Related Articles

Latest Articles