Tuesday, September 22, 2026

’18 മാസത്തെ കാത്തിരിപ്പ്! ഒടുവിൽ മടങ്ങിയെത്തിയത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കാരണം’; മോചനത്തിനായി നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും കേന്ദ്രസർക്കാരിന് നന്ദിയെന്ന് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ

ദില്ലി: ഖത്തറിൽ നിന്ന് സുരക്ഷിതമായി ഭാരതത്തിൽ മടങ്ങിയെത്താൻ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് ഇന്ത്യക്കാരിൽ ഏഴ് പേരും നാട്ടിൽ മടങ്ങിയെത്തി. ഖത്തറിൽ നിന്ന് ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ നന്ദി പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാണ് ഞങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്. ഖത്തർ ഭരണകൂടവുമായി കേന്ദ്രസർക്കാർ നിരന്തരം ഇടപെട്ടിരുന്നു, ഈ പരിശ്രമമാണ് ഇന്ന് ഞങ്ങളെ സ്വതന്ത്രരാക്കിയത്. നിയമപരമായ എല്ലാ സഹായങ്ങളും ഇന്ത്യൻ ഭരണകൂടം ഒരുക്കിയിരുന്നു എന്ന് നാവികരിൽ ഒരാൾ പ്രതികരിച്ചു.

18 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാരതത്തിലേക്ക് ഞങ്ങൾ മടങ്ങിയെത്തിയത്. മടങ്ങിയെത്താൻ കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലും ഖത്തറുമായുള്ള നയതന്ത്ര ഇടപെടലുമാണ് ഞങ്ങളുടെ മോചനം സാധ്യമാക്കിയത്. മോചനത്തിനായി നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും കേന്ദ്രസർക്കാരിന് നന്ദി. നിങ്ങളുടെ പരിശ്രമമില്ലെങ്കിൽ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമായിരുന്നില്ലെന്നും മടങ്ങിയെത്തിയ നാവികരിൽ ഒരാൾ പറഞ്ഞു.

ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന പൂർണേന്ദു തിവാരി, സുഗുണകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്‌ക്ക് വിധിച്ചതും ഒടുവിൽ ഇപ്പോൾ വിട്ടയച്ചതും.

Related Articles

Latest Articles