കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി എക്‌സൈസിന്റെ പുതിയ കണ്ടെത്തല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജപ്തി ചെയ്ത വാഴവറ്റയിലെ സ്വന്തം വീടും സ്ഥലവും ഭാര്യമാതാവ് ലില്ലിക്കുട്ടിയുടെ പേരില്‍ തിരിച്ചുപിടിച്ചതിന് പിന്നില്‍ വലിയ രീതിയിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.
‘ഏഷ്യന്‍ മോട്ടോഴ്സ്’ എന്ന കമ്പനിയുടെ പേരില്‍ ട്രക്കുകള്‍ വാങ്ങാനാണ് വയനാട് വാഴവറ്റയിലെ 36.25 സെന്റ് സ്ഥലവും വീടും ഈടു നല്‍കി ആന്റോ അഗസ്റ്റിന്‍ എസ്.ബി.ഐ പാലാരിവട്ടം ബ്രാഞ്ചില്‍ നിന്ന് 13.57 കോടി രൂപ വായ്പയെടുത്തത്. എന്നാല്‍ വായ്പയെടുത്ത തുക ഉപയോഗിച്ച് ട്രക്കുകളൊന്നും വാങ്ങിയതുമില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് 2022 ജൂണില്‍ ഈ വസ്തു ബാങ്ക് ഓണ്‍ലൈനായി ലേലത്തില്‍ വെച്ചു. ലേലത്തില്‍ പങ്കെടുത്ത ആന്റോ അഗസ്റ്റിന്‍, ഭാര്യാമാതാവായ ലില്ലിക്കുട്ടിയുടെ പേരില്‍ വസ്തു തിരിച്ചുപിടിക്കുകയായിരുന്നു.
ഭാര്യമാതാവിന്റെ പേരില്‍ ലേലം ഉറപ്പിച്ചെങ്കിലും, ഇതിനായി എസ്.ബി.ഐ പാലാരിവട്ടം ശാഖയില്‍ അടച്ച 2 കോടി രൂപ നല്‍കിയത് അഗസ്റ്റിന്‍ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ‘മാംഗോ ഫോണ്‍’ കമ്പനിയാണ് എന്നതാണ് എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കില്‍ പണയത്തിലിരിക്കെത്തന്നെ വാഴവറ്റയിലെ ഈ വീട്ടില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച ഔദ്യോഗിക രേഖകളും വിശദീകരണങ്ങളും എക്‌സൈസ് ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. ലേലത്തിലെ സാമ്പത്തിക സ്രോതസ്സും ബിനാമി ഇടപാടുകളും തെളിഞ്ഞാല്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള കടുത്ത നിയമനടപടികളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടക്കും.

