Saturday, May 4, 2024
spot_img

26 വർഷങ്ങൾക്ക് ശേഷം ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് അവരെത്തി; മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 1998 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മയായ കളിമുറ്റം 98 ന്റെ ആഭിമുഖ്യത്തിൽ പൂർവ്വവിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും നടന്നു

തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലുമെല്ലാം റീ യൂണിയൻ എന്നറിയപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെ കാലമാണ്. പ്രായഭേദമന്യേ പഴയ സഹപാഠികളുമായി ഒരുമിച്ചു കൂടാനും സൗഹൃദം പുതുക്കാനും ഇന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. ഉപരിപ്ലവമായ ഒത്തുകൂടലുകൾ മുതൽ സമൂഹത്തിനും വിദ്യാലയങ്ങൾക്കും താങ്ങാകുന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പോകുന്ന കൂട്ടായ്‌മകൾ വരെയുണ്ട്. ഫോൺ നമ്പറുകളും മേൽവിലാസങ്ങളും പലവഴികളിലൂടെ ശേഖരിച്ച് ജീവിതത്തിന്റെ നാനാമേഖലകളിൽ ചിതറിക്കിടക്കുന്നവരെ കഠിന പരിശ്രമം നടത്തി അന്വേഷിച്ചു കണ്ടെത്തുന്ന പഴയകാല രീതി ഇന്നില്ല. സമൂഹമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഇന്ന് സഹപാഠികളെ കണ്ടെത്താം. അത്തരമൊരു കൂട്ടായ്മയ്ക്ക് വേദിയാകുകയായിരുന്നു തിരുവനന്തപുരം ജില്ലയിലെ മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ. 1998 ലെ എസ് എസ് എൽ സി ബാച്ചിലെ സഹപാഠികൾ കളിമുറ്റം 98 എന്ന പേരിൽ ഒരു വാട്‍സ് ആപ്പ് കൂട്ടായ്‌മയിലൂടെ നേരത്തെ ഒരുമിച്ചിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്ചയാണ് 26 വർഷങ്ങൾക്ക് ശേഷം അവർ നേരിൽക്കണ്ടത്.

കാലം മുഖത്തുവരുത്തിയ മാറ്റങ്ങളായിരുന്നു നേരിൽക്കണ്ടപ്പോൾ ഉയർന്ന പ്രധാന ചർച്ചാവിഷയം. തടിയും താടിയും മുതൽ നരയും വയറും വരെ തമാശകളും പൊട്ടിച്ചിരിയും പടർത്തി. എന്നാൽ അന്നുമിന്നും വലിയ വ്യത്യാസമില്ലാത്തവരും കൂട്ടത്തിലുണ്ട്. പഴയ 15 വയസുകാർ ഇന്ന് നാല്പതുകളിലെത്തിയിരിക്കുന്നു. സ്കൂൾ ജീവിതം കഴിഞ്ഞിട്ടും ഇടക്ക് കാണുന്നവരും പിന്നീട് ഒരിക്കലും കണ്ടിട്ടില്ലാത്തവരുമുണ്ട് കൂട്ടത്തിൽ. നേരിയ ഓർമകൾക്ക് പെട്ടെന്ന് വ്യക്തതവന്ന് പരിചയം പുതുക്കുന്നവർ. പഠിച്ചിരുന്ന ഡിവിഷനുകളും പഴയകാല ഓർമ്മകളും പങ്കുവയ്ക്കുന്നവർ. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചുള്ള കുശലാന്വേഷണം. ഒപ്പം കൂട്ടിയ കുഞ്ഞു മക്കളെ കണ്ടതിലുള്ള സന്തോഷം. ഇപ്പോഴും തിരിച്ചറിയാൻ കഴിയാതെ ഓർമ്മകൾ ചികഞ്ഞ് ആശയക്കുഴപ്പത്തിലായവർ. പഴയ ക്ലാസ്സ്മുറികളും മൈതാനത്തെ മാവും കണ്ട് നല്ലോർമ്മകൾ തിരയുന്നവർ. സഹപാഠികളെ സ്വീകരിക്കാൻ അവരിലെ സംഘാടകർ ഒരുക്കിയിരുന്ന ചായയും പലഹാരവും ഒരുമിച്ച് തമാശ പറഞ്ഞാസ്വദിക്കുന്നവർ. ആദ്യ മണിക്കൂറിൽ കാഴ്ചകൾ അത്രമേൽ കൗതുകകരമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചു വളർന്നവരിൽ ഇന്ന് ജീവിതത്തിലും ഒരുമിച്ചവരുമുണ്ട് കൂട്ടത്തിൽ.

പഴയ അദ്ധ്യാപകരിൽ ചിലരുടെ രംഗപ്രവേശമായിരുന്നു പിന്നീട്. അവരുടെ ഓർമകളിലും പലതും തെളിയുന്ന നിമിഷങ്ങളായിരുന്നു. പ്രിയ വിദ്യാർത്ഥികളെ കണ്ടതിന്റെ സന്തോഷം അവരുടെ മുഖങ്ങളിലും തെളിഞ്ഞു നിന്നിരുന്നു. കൂട്ടത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയവരെ അനുസ്മരിച്ചുകൊണ്ടായിരുന്നു തുടക്കം. പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ആർ അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വ പ്രഥമാദ്ധ്യാപകൻ എൻ എസ് ജെല്ലെറ്റിന് ഗ്ലാഡ്സ്റ്റൺ യോഗം ഉദ്‌ഘാടനം ചെയ്‌തു. കൂട്ടായ്‌മയും പരസ്പര സഹകരണവും സമൂഹത്തിലെ ദുർബലരെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് പൂർവ്വാദ്ധ്യാപകരും യോഗത്തെ അഭിസംബോധന ചെയ്‌തു. 16 വർഷത്തിന് ശേഷം യൂണിഫോം പരിഷ്‌കരിക്കാൻ പോകുന്ന സ്‌കൂളിലെ നിലവിലെ വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകാനുള്ള തുക ഉടൻ സ്കൂളിന് കൈമാറാൻ തീരുമാനമെടുത്തതാണ് പഴയ സഹപാഠികൾ പിരിഞ്ഞത്.

Related Articles

Latest Articles