Tuesday, October 20, 2026

മാള കാരൂരിൽ ബേക്കറിയുടെ നിർമാണ യൂണിറ്റിലെ മാലിന്യ സംഭരണിയിലിറങ്ങിയ 2 തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു ! മൃതദേഹങ്ങൾ പുറത്തെടുക്കാനായത് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിനൊടുവിൽ

മാള : കാരൂരില്‍ ശുചീകരണത്തിനായി ബേക്കറിയുടെ നിർമാണ യൂണിറ്റിലെ മാലിന്യ സംഭരണിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. വരദനാട് സ്വദേശി പാണാപ്പറമ്പില്‍ ജിതേഷ്(45), കാരൂര്‍ ചൂരിക്കാടന്‍ സുനില്‍(55) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

കാരൂരിലെ റോയല്‍ ബേക്കറിയുടെ നിര്‍മാണ യൂണിറ്റിലായിരുന്നു സംഭവം. മാന്‍ഹോളിലേക്ക് ഏണി വഴി ജിതേഷാണ് ആദ്യം ഇറങ്ങിയത്. ഇറങ്ങിയതിന് പിന്നാലെ ശ്വാസതടസ്സം ഉണ്ടായി ജിതേഷ് കുഴഞ്ഞുവീണു. ഇതോടെ ജിതേഷിനെ രക്ഷിക്കാൻ സുനിലും മാലിന്യ സംഭരണിയിലേക്കിറങ്ങുകയായിരുന്നു.ഇതോടെ രണ്ടുപേരും മാലിന്യത്തില്‍ അകപ്പെട്ടു.

ഇരുവരും കുഴഞ്ഞുവീഴുന്നത് കണ്ട് മറ്റൊരു ജീവനക്കാരന്‍ ബേക്കറി ഉടമ ജോഫ്രിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ജോഫ്രിന്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ശ്വാസം കിട്ടാതെ തിരിച്ചുകയറി. ഒടുവിൽ ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാ സേന ശ്വസന സഹായ സംവിധാനങ്ങളുമായി നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. ഏകദേശം ഏഴടി ആഴമുള്ള ടാങ്കില്‍ മൂന്നടിയോളം ചെളി നിറഞ്ഞിരുന്നുവെന്നും ഒരാള്‍ക്ക് കഷ്ടിച്ച് കടക്കുന്നതിനുള്ള മാൻഹോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഓക്‌സിജന്‍ ഒട്ടും ഇല്ലായിരുന്നുവെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.

മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Latest Articles