Thursday, May 2, 2024
spot_img

നൂറ് കോടി നേടിയാല്‍ നിര്‍മാതാവിന് എത്ര കിട്ടും, ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ നിർമാതാവ് വേണു കുന്നപ്പിള്ളി പ്രതികരിക്കുന്നു

ഒരിടവേളയ്ക്ക് മലയാള പ്രേക്ഷകരെ കൂട്ടത്തോടെ തിയേറ്ററിൽ എത്തിച്ച ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ 100 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് ചിത്രം ഈ നേട്ടത്തിലെത്തുന്നത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന ചിത്രം എന്ന നേട്ടവും ചിത്രം സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ 100 കോടി നേടിയ ഒരു ചിത്രത്തില്‍ സർവ ചെലവുകളും കഴിഞ്ഞ് നിര്‍മാതാവിന് എത്ര രൂപയാകും ലഭിക്കുക എന്നത് നമ്മുടെ എല്ലാപേരുടെയും സംശയമാണ്. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാവായ വേണു കുന്നപ്പിള്ളി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്ങ് അതില്‍ തന്നെ മള്‍ട്ടിപ്ലെക്‌സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ തിയറ്ററുകളും 50 ആയി മാറും. ഓരോ ആഴ്ചയിലും ഇത് ഇങ്ങനെ കുറഞ്ഞു കുറഞ്ഞു വരുമെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. പിന്നെയത് 60 -40 ആവും അതായത് തീയേറ്ററുകള്‍ക്ക് 60 നിര്‍മാതാക്കള്‍ക്ക് 40ഉം. ശരാശരി നോക്കുമ്പോള്‍ പല ചെലവുകളും കഴിഞ്ഞു 100 കോടി നേടിയിട്ടുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ക്ക് കിട്ടാന്‍ പോകുന്നത് 35 കോടി വരെയായിരിക്കും” -വേണു കുന്നപ്പിള്ളി പറഞ്ഞു.

2018ലെ കേരളത്തിലെ പ്രളയത്തെ പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് റിലീസിനെത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Latest Articles