Sunday, May 19, 2024
spot_img

രാജ്യത്തെ കണ്ണീഴിലാഴ്ത്തിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചത് 275 പേർ ;പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ദില്ലി എയിംസില്‍ നിന്ന് വിദഗ്ധ സംഘം ഉടൻ ബാലസോറിലെത്തും

ദില്ലി : രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചത് 275 പേരെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. മരിച്ചവരിൽ 88 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 78 എണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സിഗ്നലിങ്ങിൽ പ്രശ്നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നു റെയിൽവേ ബോർഡ് അറിയിച്ചു. സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക. കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപെട്ടതെന്നും ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ലെന്നും റെയിൽവേ ബോർഡ് വിശദീകരിച്ചു. കൊറമാണ്ഡൽ എക്സ്പ്രസ് പരമാവധി വേഗത്തിലായിരുന്നത് ദുരന്ത വ്യാപ്തി കൂട്ടിയതായി റെയിൽവേ ബോർഡ് കൂട്ടിച്ചേർത്തു.

ഒഡീഷയിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം കോച്ച് ഏർപ്പെടുത്തും. ഒഡീഷ സർക്കാർ കൊൽക്കത്തയിലേക്ക് സൗജന്യ ബസ് സർവീസ് സജ്ജമാക്കിയിട്ടുണ്ട്.

ബാലസോറിൽ ബഹനാഗ ബസാർ സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകുന്നേരം 7.20 ഓടെയാണ് ഷാലിമാർ–ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര –ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുട്രെയിനും അപകടത്തിൽപെട്ടത്.

1091 പേരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി ഒഡീഷ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങി.

അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ദില്ലി എയിംസില്‍ നിന്ന് വിദഗ്ധ സംഘം ബാലസോറിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാവിലെ ഭുവനേശ്വറിലെത്തി പരിക്കേറ്റവരെ കണ്ടിരുന്നു. ബാലസോറില്‍ തുടരുന്ന റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ വിലയിരുത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി സന്ദര്‍ശിക്കുകയും ചെയ്തു.

Related Articles

Latest Articles