Sunday, May 19, 2024
spot_img

വീട്ടിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 32 കോടി രൂപ! ജാർഖണ്ഡ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്ത് ഇഡി

ജാർഖണ്ഡ്: ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ വീടുകളിൽ നിന്ന് 32 കോടി രൂപയാണ് ഇതുവരെ ഇഡി റെയ്‌ഡിൽ കണ്ടെത്തിയത്. തുടർന്നാണ് അറസ്റ്റിലേക്ക് അധികൃതർ നീങ്ങിയത്. പണം പിടിച്ചെടുത്തതിന് പിന്നാലെ ഇരുവരേയും കഴിഞ്ഞ ദിവസം രാത്രി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സഞ്ജീവ് ലാലിനേയും ഇയാളുടെ സഹായിയേയും കസ്റ്റഡിയിൽ എടുത്തത്.

സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ജഹാംഗീറിന്റെ വീട്ടിലും പരിശോധന നടത്തിയത്. ജഹാംഗീർ താമസിക്കുന്ന നഗരത്തിലെ ഫ്‌ളാറ്റിലാണ് ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ പണം പിടിച്ചെടുത്തതുമായി തനിക്ക് ബന്ധമില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നും അലംഗീർ ആലം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്. ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര റാം അറസ്റ്റിലായിരുന്നു. ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്.

Related Articles

Latest Articles