ഭോപ്പാൽ: സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തി മദ്ധ്യപ്രദേശ് സർക്കാർ. അതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് വനം വകുപ്പ് ഒഴികെയുള്ള തസ്തികകളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ആയിരിക്കും ലഭിക്കുക.
അധ്യാപക തസ്തികകളിൽ സ്ത്രീകൾക്ക് 50 ശതമാനവും സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് മുൻഗണന നൽകും. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ചിലവുകൾ സർക്കാർ വഹിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.

