Sunday, September 20, 2026

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് അമൃത്സറിലെ മാരിഗോൾഡ് റിസോർട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ അക്രമികൾ ജർമൽ സിങ്ങിന് നേരെ വെടിയുതിർക്കുകയായിരുന്നു.

വിവാഹ ചടങ്ങിൽ അതിഥികൾക്കൊപ്പം ഭക്ഷണമേശയ്ക്ക് സമീപം ഇരിക്കുകയായിരുന്ന ജർമൽ സിങ്ങിനെ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഒന്നിലധികം വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ തകർന്നു വീണു. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തെത്തുടർന്ന് റിസോർട്ടിൽ വലിയ പരിഭ്രാന്തിയുണ്ടാവുകയും അതിഥികൾ ചിതറിയോടുകയും ചെയ്തു. ഈ ബഹളത്തിനിടയിൽ അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് പ്രാഥമിക നിഗമനം. അമൃത്സർ പോലീസ് മാരിഗോൾഡ് റിസോർട്ട് സീൽ ചെയ്യുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. റിസോർട്ടിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. രാഷ്ട്രീയ വൈരാഗ്യമാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles