Saturday, October 3, 2026

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് ഇനിമുതൽ അനുവദിക്കില്ല. നവംബറിൽ പുറത്തിറക്കിയ ‘ഡേഞ്ചറസ് ഗുഡ്‌സ് അഡ്വൈസറി സർക്കുലറി’ന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നടപടി. വിമാനത്തിന്റെ ഇൻ-സീറ്റ് പവർ സപ്ലൈ വഴി പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും വിലക്കുണ്ട്.

ലിഥിയം ബാറ്ററികൾക്ക് തീപിടിക്കാനുള്ള സാധ്യതയും അവയുണ്ടാക്കുന്ന സുരക്ഷാ ഭീഷണിയും മുൻനിർത്തിയാണ് ഈ തീരുമാനം. പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജുകളിൽ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. ഇവ വിമാനത്തിലെ ഓവർഹെഡ് ബിന്നുകളിൽ (സീറ്റിന് മുകളിലുള്ള ലഗേജ് സ്പേസ്) സൂക്ഷിക്കുന്നതിനും ഡിജിസിഎ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓവർഹെഡ് ബിന്നുകളിൽ തീപിടുത്തമുണ്ടായാൽ അത് വേഗത്തിൽ കണ്ടെത്താനോ നിയന്ത്രിക്കാനോ പ്രയാസമായതിനാലാണിത്. അതിനാൽ ഇവ എപ്പോഴും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ സീറ്റിന് താഴെയുള്ള ബാഗിലോ മറ്റോ സൂക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

ലിഥിയം ബാറ്ററികൾക്ക് തീപിടിക്കുന്നത് മറ്റ് സാധാരണ തീപിടുത്തങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകരമാണെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകുന്നു. ഇവയിൽ നിന്നുണ്ടാകുന്ന തീ അണയ്ക്കാൻ പ്രത്യേക മാർഗങ്ങൾ ആവശ്യമാണ്. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് അമിതമായ ചൂടോ പുകയോ അസാധാരണമായ ഗന്ധമോ അനുഭവപ്പെട്ടാൽ യാത്രക്കാർ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കണം. ജീവനക്കാർക്ക് ഇതിനാവശ്യമായ പ്രത്യേക പരിശീലനം നൽകാൻ എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ദില്ലി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ച സംഭവം ഉൾപ്പെടെ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ മുൻനിർത്തിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. യാത്രക്കാർക്ക് ബോധവൽക്കരണം നൽകുന്നതിനായി വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും പ്രത്യേക അറിയിപ്പുകൾ നൽകാനും ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസ്, എമിറേറ്റ്‌സ് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികൾ നേരത്തെ തന്നെ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Related Articles

Latest Articles