കൊച്ചി : അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കുത്തി നിറച്ച ഉല്ലാസബോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ടുകള്‍ പിടിയിലായത്. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. 13 പേരെ മാത്രം ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള ബോട്ടിൽ 36 പേരാണ് ഉണ്ടായിരുന്നത്.
താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറൈന്‍ ഡ്രൈവ് അടക്കം ബോട്ട് സര്‍വീസ് നടത്തുന്ന മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കുകയും ബോട്ടില്‍ അനുവദനീയമായതില്‍ അധികം ആളുകളെ കയറ്റരുതെന്ന് ബോട്ടുടമകള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും കടുത്ത നിയമലംഘനമാണ് നടന്നിരിക്കുന്നത്.
പിടിച്ചെടുത്ത ബോട്ടുകളുടെ സ്രാങ്കുമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും ലൈസന്‍സ് റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു.

