Tuesday, May 21, 2024
spot_img

കശ്മീരിലെ ദാൽ തടാകത്തിൽ അപകടകാരിയായ ചീങ്കണ്ണി മത്സ്യം;ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ അപകടകാരിയായ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. തടാകം വൃത്തിയാക്കുന്നതിനിടെയാണ് അപകടകാരിയായ ചീങ്കണ്ണി മത്സ്യത്തെ ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകരും രംഗത്തെത്തി.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ കൺസർവേഷൻ ആന്റ് മാനേജ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് മത്സ്യത്തെ കണ്ടെത്തുന്നതും പിടികൂടുന്നതും. കൂർത്ത തലയും കുറുകിയ വാലുമുള്ള മത്സ്യത്തെ ആദ്യം തിരിച്ചറിയാൻ തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നില്ല. അപൂർവ്വ മത്സ്യമാണെന്ന് കരുതിയാണ് ശുചീകരണ തൊഴിലാളികൾ അതിനെ പിടികൂടിയത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ചീങ്കണ്ണി മത്സ്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മത്സ്യങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ഏറെ അപകടകരമാണ് ഈ മത്സ്യത്തിന്റെ സാന്നിധ്യം. വടക്കൻ അമേരിക്കയിലാണ് സാധാരണയായി ഈ മത്സ്യത്തെ കാണാൻ സാധിക്കുന്നത്. ഭോപ്പാൽ, കേരളം എന്നിവിടങ്ങളിലെ ചില നദികളിലും മുൻപ് ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ചീങ്കണ്ണി മത്സ്യങ്ങൾ എന്ന് എൽസിഎംഎ ഗവേഷകൻ ഡോ. ഷഫീഖ് പീർ വ്യക്തമാക്കി.

Related Articles

Latest Articles