Saturday, May 4, 2024
spot_img

ശബരിമല സന്നിധാനത്ത് പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു; ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു

ശബരിമല: സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ ബാച്ച് വെള്ളിയാഴ്ച ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.

മണ്ഡലപൂജയോടനുബന്ധിച്ച് തിരക്കുവര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍ നിര്‍ദ്ദേശം നല്‍കി. ഭക്തര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് മുഴുവന്‍ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. കൂടാതെ പുണ്യം പൂങ്കാവനം ഉദ്യമത്തില്‍ പോലീസുദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്നും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, യു ടേണ്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി ഒമ്പത് സെക്ടറുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

അസി. സ്‌പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഒമ്പത് ഡി.വൈ.എസ്.പിമാര്‍, 33 സി.ഐമാര്‍, 93 എസ്.ഐ/ എ.എസ്.ഐ, 1200 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1335 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പതിനെട്ടാം പടിയിലെ ഡ്യൂട്ടിക്ക് വേണ്ടി കേരള പോലീസിന്റെ ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

Related Articles

Latest Articles