കോഴിക്കോട്: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് എഴുത്തിന്റെ സുവർണ്ണ ജയന്തി. 250 പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിന്റെ നിർണ്ണായക നിമിഷത്തിന് ശനിയാഴ്ച്ച കോഴിക്കോട് വേദിയാകും. അൻപതാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുക കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരിക്കും. വൈകിട്ട് 3.30 ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പി എസ് ശ്രീധരൻ പിള്ളയുടെ പുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ചർച്ചയും നടക്കും.
കേരള ഗവർണറെ കൂടാതെ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കാന്തപുരം എ പി അബൂബക്കർ മുസലിയാർ, ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കത്തോലിക്കാ ബാവ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും. മുൻകേന്ദ്രമന്ത്രി ഒ രാജഗോപാൽ ആശംസ അർപ്പിക്കും. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സംഘാടക സമിതി ചെയർമാൻ എ പി അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പി എസ് ശ്രീധരൻപിള്ളയുടെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ വിലയിരുത്തി എഴുതിയ അറുപതിലധികം ലേഖനങ്ങൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും കേരള ഗവർണർ നിർവഹിക്കും. പി വി ചന്ദ്രനാണ് സുവനീർ ഏറ്റുവാങ്ങുക.
രാവിലെ 10.30 ന് ശ്രീധരൻ പിള്ള രചിച്ച വൃക്ഷ ആയുർവേദ, ആൾറ്റിറ്റൂൾസ് ഓഫ് ദി ആൾമൈറ്റി തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും ‘ശ്രീധരൻ പിള്ളയുടെ സാഹിത്യം വിശകലനവും വിലയിരുത്തലും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സെമിനാർ കോർപറേഷൻ മേയർ ബീന ഫിലിപ്പ് നിർവ്വഹിക്കും.

