ദില്ലി: ചൈനയുടെ യുദ്ധ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ്-19 മഹാമാരിക്കിടയിലും അതിര്‍ത്തി സംഘര്‍ഷം വഷളാക്കുന്നതിലൂടെ മേഖലയിലെ മേധാവിത്വം ഉറപ്പിക്കാനും ഇന്ത്യയെ പലതലത്തിലും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ചൈനയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍. ചൈന നുഴഞ്ഞുകയറിയ ഇന്ത്യന്‍ മേഖലയില്‍ നിന്നു പിന്മാറേണ്ടതില്ലെന്നും എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരാനുമാണ് ഇന്ത്യയുടെ നിലപാട്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും ദുഷ്‌കരമായ സ്ഥിതി നേരിടാനും ആവശ്യമെങ്കില്‍ യുദ്ധത്തിനും തയാറായിരിക്കാനാണ് ചൈനീസ് പട്ടാളത്തോട് പ്രസിഡന്റ് ഷി ജിംഗ് പിംഗ് നിര്‍ദേശിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ)യുടെയും പീപ്പിള്‍സ് ആംഡ് ഫോഴ്‌സിന്റെയും സംയുക്ത പ്ലീനറി സമ്മേളനത്തിലായിരുന്നു പ്രസിഡന്റിന്റെ നിര്‍ദേശം. എന്നാല്‍, ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയില്‍ സ്ഥിതി ‘നിയന്ത്രണവിധേയവും സ്ഥിരതയുള്ളതുമാണ്’ എന്ന് ചൈന അവകാശപ്പെട്ടു.
അതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. തനിക്ക് അതിനു സാധിക്കും. ഇക്കാര്യം ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന-ഇന്ത്യ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

