വാഷിങ്ടൻ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം. പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അപൂര്‍വ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ജുഗല്‍ബന്ദി സംഗീതത്തിനും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രശസ്‌ത ഹിന്ദുസ്‌ഥാനി സംഗീതജ്ഞൻ രമേഷ് നാരായൺ ഉൾപ്പെടെ അനേകം ശിഷ്യരുണ്ട്.
ജസ്‌രാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. ജസ്‌രാജിന്റെ നിര്യാണം ഇന്ത്യയുടെ സാംസ്കാരിക മേഖലയിൽ ആഴത്തിലുള്ള ശൂന്യത സൃഷ്ടിക്കുന്നു എന്ന് പ്രധാനമന്ത്രി അനുശോചന ട്വീറ്റിൽ കുറിച്ചു.
ഹരിയാണയിലെ ഹിസാറില്‍ 1930-ലാണ് ജസ്‌രാജിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് മോതി രാംജി അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. പിതാവില്‍ നിന്നാണ് സംഗീത പഠനം തുടങ്ങിയത്. പണ്ഡിറ്റ് ജസ്‌രാജിനെ കേരള സർക്കാർ സ്വാതിപുരസ്‌കാരം നൽകി ആദരിച്ചിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്‌ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്‌ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

