Wednesday, May 15, 2024
spot_img

6500 കോടി രൂപ കടം! ഗോ ഫസ്റ്റ് എയർലൈൻസിന്‍റെ ഭാവി അവസാനിക്കുന്നു? വിമാനങ്ങളും സ്വത്തുക്കളും വിറ്റ് കടം തീര്‍ക്കാനൊരുങ്ങി ബാങ്കുകൾ

മുംബൈ: കടത്തിൽ മുങ്ങിയ ഗോ ഫസ്റ്റ് എയർലൈനിനെ ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തതോടെ വിമാനങ്ങളും സ്വത്തുക്കളും വിറ്റ് കടം തീര്‍ക്കാനൊരുങ്ങി ബാങ്കുകൾ. നടപടികൾ ഉടൻ തുടങ്ങിയേക്കും. 6500 കോടി രൂപയാണ് വിമാനക്കമ്പനിയുടെ ആകെ കടം.

കടത്തിൽ മുങ്ങിയ കമ്പനിയെ എറ്റെടുക്കാനെത്തുന്നവരെ കാത്ത് ബാങ്കുകൾ നൽകിയ സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. ജിൻഡാൻ ഗ്രൂപ്പ് കമ്പനിയെ രക്ഷിക്കാനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവരും തയ്യാറായില്ല. ഇനിയും ബാങ്കുകൾ സമയം നീട്ടി നൽകി കാത്തിരിക്കില്ലെന്നാണ് സൂചന. കടത്തിനൊപ്പം വിമാനങ്ങൾ പാട്ടത്തിന് നൽകിയ കമ്പനികളുമായുള്ള കേസുകളുമടക്കം ആകെ മുങ്ങിയ കമ്പനിക്ക് ഇനി ഭാവിയില്ലെന്നാണ് നിഗമനം.

വിവിധ ബാങ്കുകളിലായി 6,500 കോടി രൂപയാണ് കടം. 1,987 കോടി രൂപയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത്. 1430 കോടി ബാങ്ക് ഓഫ് ബറോഡയ്ക്കും നല്‍കാനുണ്ട്. ഇക്കഴിഞ്ഞ മെയ് മാസമാണ് കമ്പനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്യുന്നത്. തുടർന്ന് കമ്പനിയെ പുനരുജ്ജീവിപ്പിനായി റെസല്യൂഷൻ പ്രൊഫഷണലിനെ നിയോഗിച്ചെങ്കിലും ഫലം ഉണ്ടായില്ല.

അപ്രതീക്ഷിച്ച അടച്ച് പൂട്ടൽ കാരണം 15 ലക്ഷത്തോളം യാത്രക്കാർക്ക് 600 കോടിയോളം രൂപ റീഫണ്ട് ഇനത്തിലും നൽകേണ്ടതുണ്ട്. ഗോ ഫസ്റ്റ് വിമാനങ്ങളിൽ ഉപയോഗിച്ച പ്രാറ്റ് ആന്‍റ് വിറ്റ്നി കമ്പനിയുടെ എഞ്ചിനുകൾ കൂട്ടത്തോടെ തകരാറിലായതാണ് എയർലൈൻന്‍റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായത്. തകരാറിലായ എഞ്ചിനുകൾ പെട്ടെന്ന് മാറ്റിക്കിട്ടാത്തതിനാൽ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.

Related Articles

Latest Articles