ഒട്ടാവ : ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ ഏഴുന്നോറോളം വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നു. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി എന്നാണ് സൂചന. സംഭവത്തിൽ കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്ന് വിദ്യാർത്ഥികൾക്ക് നോട്ടിസ് കിട്ടിയെന്നാണ് വിവരം.
2018–19 കാലഘട്ടത്തിലാണ് പഠനത്തിനായി വിദ്യാർത്ഥികൾ കാനഡയിലെത്തിയത്. ഇപ്പോൾ കാനഡയിൽ പെർമനന്റ് റെഡിസൻസിനായി അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പിആറിന്റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അവ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയവരാണ്.

