തിരുവനവന്തപുരം: മന്ത്രിയായിരിക്കെ ഡോ. എം.കെ മുനീർ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മരിച്ച അധ്യാപകന്റെ അവകാശികള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി. മാവേലിക്കര എംഎസിടി കോടതിയാണ് വിധി പറഞ്ഞത്.
2015 മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം. കായംകുളം കമലാലയം ജംക്‌ഷനില്‍ വെച്ച് നടന്ന അപകടത്തിലാണ് ചങ്ങനാശേരി എന്‍എസ്‌എസ് കോളജിലെ മലയാളം പ്രഫസര്‍ ശശികുമാർ മരിച്ചത്. പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ വീട്ടിലേക്ക് പോകുകയായിരുന്ന ശശികുമാറിന്റെ സ്കൂട്ടറിലേക്ക് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു.
അതേസമയം മരിച്ച അധ്യാപകന്റെ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന വിധിത്തുക വാഹന ഉടമയില്‍ നിന്ന് ഈടാക്കുന്നതിനും കോടതി ഉത്തരവിട്ടു. മന്ത്രിയുടെ യാത്രയ്ക്കായി സ്വകാര്യവാഹനത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡും ചുവന്ന ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചുമാണ് യാത്ര ചെയ്തത്.
തുടർന്ന് ഇത് മറച്ച് വെച്ച് ഇന്‍ഷുറന്‍സ് കരാര്‍ ലംഘിച്ചു എന്ന എച്ച്‌ഡിഎഫ്സി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍, സര്‍ക്കാരിന് വേണ്ടി സ്വകാര്യവാഹനം ഓടിച്ചതിനാല്‍ കേസില്‍ കക്ഷിചേര്‍ത്ത കേരള സര്‍ക്കാര്‍ വിധിത്തുക നല്‍കണമെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

