കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള താരാതല ബ്രേസ് ബ്രിഡ്ജിന് സമീപം നിർമ്മാണത്തിലിരുന്ന വമ്പൻ വെയർഹൗസിന്റെ മേൽക്കൂര തകർന്നു വീണ് എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ദുരന്തസ്ഥലത്തു നിന്നും പരിക്കേറ്റ 18 പേരെ ഇതുവരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇന്ത്യൻ ആർമി, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, കൊൽക്കത്ത പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് പുരോഗമിക്കുന്നത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി അത്യാധുനിക ക്രെയിനുകളും ബുൾഡോസറുകളും ഗ്യാസ് കട്ടറുകളും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും സർക്കാർ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഇരകൾക്കുള്ള ധനസഹായ പ്രഖ്യാപനം സ്പീക്കറുടെ അനുമതിയോടെ സഭയിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നഗരവികസന-മുനിസിപ്പൽ കാര്യ വകുപ്പ് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചു വരികയാണ്.
അതേസമയം, കെട്ടിട നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ഉണ്ടായതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദുരന്തമുണ്ടായ സ്ഥലം മുൻപ് നാല് തവണ നിർമ്മാണ നിയമലംഘനങ്ങളെ തുടർന്ന് പൊളിച്ചുനീക്കപ്പെട്ട ചരിത്രമുള്ളതാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്യാമപ്രസാദ് മുഖർജി പോർട്ട് അതോറിറ്റിയിൽ നിന്നും മുപ്പത് വർഷത്തെ ലേല വ്യവസ്ഥയിൽ ഭൂമി കൈക്കലാക്കിയ ‘ബെഹ്‌റ ബ്രദേഴ്‌സ്’ എന്ന സ്വകാര്യ കമ്പനിയാണ് ഇവിടെ നിർമ്മാണം നടത്തിയിരുന്നത്. വെയർഹൗസിനായി അനുവദിച്ച കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ, അത്യന്തം ഗുണനിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതും കെട്ടിടത്തിന് ശക്തമായ അടിത്തറയില്ലാത്തതുമാണ് മേൽക്കൂര തകരാൻ പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

