ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം.
വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാരുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുള്ള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും 51,365 വോട്ടർമാരെയാണ് കൂട്ടിച്ചേർക്കലിലൂടെ വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചു. പ്രിയങ്ക ഗാന്ധിക്ക് മുൻപ് രാഹുൽ ഗാന്ധിയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നു വിജയിച്ചിരുന്നത്. റായ്ബറേലി മണ്ഡലത്തിലും വിജയിച്ചതിനെ തുടർന്ന് റായ്ബറേലിയെ രാഹുൽ തെരഞ്ഞെടുക്കുകയും വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വരികയുമായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്.
അതേസമയം ‘രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിൽ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടർമാരുണ്ടെന്നും അനുരാഗ് ഠാക്കൂർ ആരോപിക്കുന്നുണ്ട്.”19,512 വ്യാജ വോട്ടർമാരും 71,977 വ്യാജ വിലാസങ്ങളുള്ള വോട്ടർമാരും കൂട്ട കൂട്ടിച്ചേർക്കലിലൂടെ 92,747 വോട്ടർമാരും ഇവിടെ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 52,000 ത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ വ്യാജ വിലാസങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു’’ – അനുരാഗ് ഠാക്കൂർ ആരോപിച്ചു.

