Saturday, November 14, 2026

‘ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി’; കെടിയു വൈസ് ചാൻസിലറായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയത്. പിന്നാലെയാണ് ഇന്ന് രാവിലെ സിസാ തോമസ് സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റത്. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസിയായും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയിരുന്നു. വിസിയായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും പഴയ കാര്യങ്ങളൊന്നും നിലവില്‍ ഓര്‍ക്കുന്നില്ലെന്നും സിസാ തോമസ് പ്രതികരിച്ചു.

“നിലവിലെ സാഹചര്യം സന്തോഷമുള്ളതാണ്. തന്റെ ഉത്തരവാദിത്തം കൂടുന്നു. സര്‍ക്കാരുമായി സഹകരിച്ച് പോവും. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. പഴയകാര്യം എല്ലാം കഴിഞ്ഞു. ഇനി മുന്നോട്ട് പോയാല്‍ മതി. അപാകതകള്‍ എല്ലാം പരിഹരിച്ച് മുന്നോട്ടുപോവും. സിസ തോമസ് എന്ന വ്യക്തിയല്ല കെടിയു എന്ന സ്ഥാപനമാണ് വലുത്. ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. മിനിട്ട്‌സ് ഒന്നും താന്‍ എടുത്തുകൊണ്ടുപോയിട്ടില്ല. പിന്നെ എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നത്. തനിക്ക് കൃത്യമായ ലക്ഷ്യബോധമുണ്ട്. അത് മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ചില കുടിശ്ശിക സര്‍ക്കാര്‍ പിടിച്ചുവെച്ചിട്ടുണ്ട്. പെന്‍ഷന്‍ ഏഴുമാസം കഴിഞ്ഞാണ് ലഭിച്ചത്. “- സിസാ തോമസ് പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ അവഗണിച്ചുകൊണ്ടുള്ള മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവനുസരിച്ച് സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. സിസാ തോമസ് താത്കാലിക വി.സിയുടെ ചുമതല വഹിച്ചതായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പിന് കാരണം. സര്‍ക്കാരിന്റെ കണ്ണിലെ കരടായതോടെ പെന്‍ഷന്‍ ആനുകൂല്യം തടയുന്നതിലുള്‍പ്പെടെ കാര്യങ്ങളെത്തി. നിയമയുദ്ധം നടത്തിയാണ് സിസ ആനുകൂല്യങ്ങള്‍ നേടിയത്. ഇതിനിടെ ഡിജിറ്റല്‍ സര്‍വകലാശാലയിലും ഗവര്‍ണര്‍ അവരെ താത്കാലിക വിസിയായി നിയമിച്ചു. ഇതും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യംചെയ്തു. അവിടെനടന്ന സാമ്പത്തികക്രമക്കേടുകള്‍ കണ്ടെത്തി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതും വിവാദമായി.

മുഖ്യമന്ത്രി പ്രൊ ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഗവര്‍ണര്‍ സിഎജിക്ക് നിര്‍ദേശം നല്‍കിയതോടെയാണ് സിസയോടുള്ള സര്‍ക്കാരിന്റെ എതിര്‍പ്പ് കടുത്തത്. സുപ്രീംകോടതിയിലേക്ക് വിസി നിയമനം നീങ്ങിയാല്‍ ഭാവിയിലുണ്ടാകുന്ന നിയമനങ്ങളിലും സര്‍ക്കാരിന് ഒരുതരത്തിലുള്ള സ്വാധീനവും ഉണ്ടാകില്ലെന്ന ഭയമാണ് അവസാനനിമിഷം സമവായത്തിലെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Related Articles

Latest Articles