Thursday, September 24, 2026

നവരാത്രി പുണ്യം; ദേവിയെ മാതൃസ്വരൂപിണിയായി സങ്കൽപ്പിക്കുന്നതിന് പിന്നിലെ കാരണമിതാണ്…

ശരത്കാല നവരാത്രിയുടെ പുണ്യനാളുകൾക്ക് ഇന്നു തുടക്കം. ഇതു ദേവീ ആരാധനയുടെ നാളുകൾ. ഈ ദിവസങ്ങളിൽ ദേവീഭാഗവതത്തിലെയും ദേവീമാഹാത്മ്യത്തിലെയും കഥകളുമായി നവരാത്രിപുണ്യം.

പ്രപഞ്ചത്തിന്റെ അമ്മ…

കുഞ്ഞുപൂമൊട്ട് മെല്ലെമെല്ലെ വിരിഞ്ഞ് സൗന്ദര്യം ചാലിച്ച പൂവ് ആകുന്നു. തളിർനാമ്പിനെ തഴുകിയുറക്കാൻ എങ്ങുനിന്നോ കുളിർകാറ്റ് എത്തുന്നു. സർവംസഹയായ ഈ ഭൂമി സ്വയം തിരിഞ്ഞ് വേഗക്കണക്കിൽ ഒരു നിമിഷാർധം പോലും തെറ്റിക്കാതെ സ്വന്തം പാതയിലൂടെ ഓടിക്കൊണ്ടേയിരിക്കുന്നു. ഇതിനെല്ലാം നമുക്ക് വിശദീകരണങ്ങളുണ്ട്. പക്ഷേ, പാടിപ്പതിഞ്ഞ ആ വിശദീകരണങ്ങൾക്കുമപ്പുറം പ്രപഞ്ചത്തിലെ ഓരോ ചലനത്തിലുമുണ്ട് കാണാത്തൊരു ശക്തിയുടെ ചൈതന്യം. പ്രപഞ്ചത്തിന്റെ നിലനിൽപിനു തന്നെ കാരണമായ ആ ശക്തിചൈതന്യമാണ് ദേവി. അതുകൊണ്ടുതന്നെയാണ് ആ ദേവിയെ ‘താം സർവവിശ്വജനനീം മനസാ സ്മരാമി’ എന്നു ദേവീഭാഗവതത്തിൽ പ്രാർഥിക്കുന്നത്. ‘പ്രപഞ്ചത്തിന്റെ മുഴുവൻ അമ്മയായ ദേവിയെ മനസ്സിൽ സ്മരിക്കുന്നു’ എന്ന്.
‘ജഗത: പിതരൗ വന്ദേ പാർവതീപരമേശ്വരൗ’ എന്നു കാളിദാസൻ തന്റെ കവിഭാവനയിലൂടെ നമുക്കു കാണിച്ചുതന്നതും ജഗത്തിന്റെ മാതാപിതാക്കളെയാണ്.
പ്രപഞ്ചമാതാവിന്റെ അതേ ശക്തിചൈതന്യത്തെത്തന്നെയാണ് വിവിധ ദേവീഭാവങ്ങളിൽ നാം ആരാധിക്കുന്നത്.
ദേവി എന്നാൽ ശക്തി തന്നെ. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള, നമ്മെ നാമാക്കുന്ന ശക്തി.
പ്രപഞ്ചത്തിലെ ഓരോ തുടിപ്പിനും കാരണമായ ആ വലിയ ശക്തിയുടെ ചെറിയ രൂപമാണ് നമ്മുടെയും ഉള്ളിൽ തുടിക്കുന്നതെന്നു ദേവീഭാഗവതം പറയുന്നു:
‘യാ സർവഭൂതവിഷയേ കില ശക്തിരൂപാ
താം സർവഭൂതജനനീം ശരണം ഗതോസ്മി…’ എന്ന്.
നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണർത്താതെ, ആരാധിക്കാതെ ഒരടി പോലും മുന്നോട്ടു നീങ്ങുക അസാധ്യം. അതുകൊണ്ടാണ് ശങ്കരാചാര്യർ സൗന്ദര്യലഹരിയിൽ ഇങ്ങനെ പാടിയത്:
‘ശക്തി കൂടെയില്ലെങ്കിൽ സാക്ഷാൽ ഈശ്വരനാണെങ്കിലും ഒന്ന് ഇളകാൻ പോലും കഴിയില്ല’ എന്ന്. അതുകൊണ്ട്, ദേവീപൂജ എന്നാൽ നമ്മളിലുള്ള ശക്തിയെ ഉണർത്തൽ തന്നെ.

Related Articles

Latest Articles