Friday, May 3, 2024
spot_img

ഇ- പാസ് ലിങ്കിൽ മലക്കപ്പാറ ചെക്പോസ്റ്റ് ഇല്ല; അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് തമിഴ്നാട്; വാക്‌സിൻ എടുത്തവരെപ്പോലും കടത്തിവിടുന്നില്ലെന്ന് പരാതി

മലക്കപ്പാറ: മലക്കപ്പാറ അതിർത്തിയിൽ (Malakkappara Checkpost) വാഹനങ്ങൾ തടഞ്ഞ് തമിഴ്നാട്. തമിഴ്നാട്ടിലെ ഇ–പാസ് ലിങ്കില്‍ മലക്കപ്പാറ ചെക്പോസ്റ്റ് ഉള്‍പ്പെടുത്താതാണ് പ്രശ്നം. ചാലക്കുടി-മലക്കപ്പാറ റൂട്ടിലൂടെ വാൽപ്പാറയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. പക്ഷേ, മലക്കപ്പാറ കടക്കാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ല എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇ പാസ് കാട്ടിയാല്‍ പ്രവേശനാനുമതി നല്‍കാം. എന്നാല്‍, ഇ പാസിന് അപേക്ഷ നല്‍കുമ്പോള്‍ മലക്കപ്പാറ ചെക്പോസ്റ്റ് ഇല്ലതാനും. വാൽപ്പാറയിലെ മലയാളി വ്യാപാരികള്‍ സംഘടിച്ച് മലക്കപ്പാറ പരിധിയിലെ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി. ഇ പാസ് ലിങ്കില്‍ മലക്കപ്പാറ ഉള്‍പ്പെടുത്തിയാല്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഇതുവഴി വാല്‍പ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും പോകാം. നിലവില്‍, അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് പ്രവേശനാനുമതി. മലക്കപ്പാറ ചെക്പോസ്റ്റില്‍ യാത്രക്കാരും തമിഴ്നാട് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം പതിവാണ്. വാളയാര്‍ വഴി കടന്നുപോകാന്‍ ഇ- പാസ് ലഭിക്കുന്നുമുണ്ട്.

വാളയാറില്‍ ഇല്ലാത്ത നിയന്ത്രണം മലക്കപ്പാറയില്‍ മാത്രം എന്താണെന്ന് യാത്രക്കാരും ചോദിക്കുന്നു. എന്നാൽ വിലക്കിനെത്തുടർന്ന് വിനോദസഞ്ചാരികള്‍ മലക്കപ്പാറയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങുകയാണ്. വാക്‌സിൻ എടുത്തവരെപ്പോലും കടത്തിവിടുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

Related Articles

Latest Articles