കണ്ണൂര്‍: കണ്ണൂരിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ധര്‍മ്മടം മേലൂരിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘയാണ് മരിച്ചത്. ഇന്നലെ പകല്‍ മേലൂരിലെ വീട്ടിലാണ് അനഘ തീ കൊളുത്തിയത്. തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദേഹമാസകലം പൊള്ളലേറ്റ അനഘ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയാണ് അനഘ. മൂന്ന് വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. കോഴിക്കോട് വടകര ഭാഗത്താണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. അനഘയ്ക്ക് രണ്ട് വയസുള്ള മകനുണ്ട്. അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും