ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്താന്‍ സുപ്രീം കോടതി (Supreme Court) നിര്‍ദേശം. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കേര്‍വ് പ്രകാരം നവംബര്‍ 10 വരെ 139.50 അടിയാണ് പരമാവധി ജലനിരപ്പ്. നവംബര്‍ 11 ന് കേസ് വീണ്ടും പരിഗണിക്കും.
റൂള്‍ കര്‍വ് തര്‍ക്കത്തില്‍ നവംബര്‍ ഒന്‍പതിനകം കേരളം വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിർദേശിച്ചു. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കരുതെന്നും തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ലെന്നും കേരളം സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു. പ്രശ്നം ശാശ്വതമായിപരിഹരിക്കാൻ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും കേരളം അറിയിച്ചിട്ടുണ്ട്. 30 ലക്ഷം ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ടസമിതി പരിഗണിച്ചില്ലെന്നും കേരളം വ്യക്തമാക്കി.
ഇന്ന് രാവിലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. ഡാം നാളെ തുറക്കുമെന്ന് തമിഴ്നാട് കേരളത്തോട് അറിയിച്ചിട്ടുണ്ട്.

