ഹരിപ്പാട്: വീടിന്റെ ഓടിളക്കി അതിക്രമിച്ച് കയറി തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച കേസില്‍ 23കാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. മകള്‍ക്കൊപ്പം താമസിച്ചിരുന്ന വയോധിക 2017 മാര്‍ച്ച് 30നാണ് പീഡനത്തിന് ഇരയാകുന്നത്. സംഭവ ദിവസം മകള്‍ വീട്ടിലില്ലാതിരുന്ന നേരത്താണ് പീഡനം നടന്നത്. ഓടിളക്കിയ ശേഷം വീട്ടില്‍ പ്രവേശിച്ചാണ് പ്രതി ക്രൂരകൃത്യം ചെയ്തത്.
കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണു ഹരിപ്പാട് അതിവേഗക്കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പ്രതി രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. പീഡനം നടത്തിയ ശേഷം വീട്ടില്‍ നിന്ന് മടങ്ങിയ പ്രതി മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതാണ് കേസില്‍ തെളിവായത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ നിരത്തിയാണു പ്രോസിക്യൂഷന്‍ വാദിച്ചത്.

