Tuesday, May 14, 2024
spot_img

വിദ്യാർത്ഥികൾക്ക് വൻ വരവേൽപ്പ് ഒരുക്കി സ്കൂളുകൾ ; വിദ്യാലയങ്ങൾ അലങ്കരിച്ചിരിക്കുന്നത് കെഎസ്ആര്‍ടിസി ബസ്സിന്റെ മാതൃകയും, ട്രെയിനിന്റെ മാതൃകയുമൊക്കെയായി|Schools are ready to welcome students

വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ വരവേല്‍പ്പാണ് സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്.രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്കൂളൂകൾ തുറക്കുന്നത് . കെഎസ്ആര്‍ടിസി ബസ്സിന്റെ മാതൃകയും, ട്രെയിനിന്റെ മാതൃകയും ഓക്കെ നല്‍കിയാണ് വിദ്യാലയങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അധ്യാപകരും, പിടിഎ പ്രതിനിധികളും, നാട്ടുകാരും ചേര്‍ന്ന് സ്‌കൂളുകള്‍ വൃത്തിയാക്കിയിരുന്നു. കൂടാതെ ക്ലാസുകളും അലങ്കരിക്കാന്‍ അധ്യാപകര്‍ മറന്നിട്ടില്ല. ചുവരുകളില്‍ ചിത്രങ്ങളും മറ്റും വരച്ചാണ് ക്ലാസുകള്‍ അലങ്കരിച്ചിരിക്കുന്നത്. കൂടാതെ മനോഹരമായ പൂന്തോട്ടങ്ങളും സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുമ്പോഴേക്കും ക്ലാസുകളുടെ വിലയിരുത്തലിനായി കഴിഞ്ഞ ദിവസം കണ്ണൂരില്‍ കലക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്തിയിരുന്നു. വിവിധ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ ക്ലാസുകളുടെ വാതിലുകള്‍ തകര്‍ന്ന് കിടക്കുതായും മറ്റും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് എത്രയും പെട്ടെന്ന് മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് കലക്ടറും സംഘവും മടങ്ങിയത്.

കോവിഡ് കാരണം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ സ്‌കൂള്‍ തുറക്കുമ്പോഴേക്കും വിദ്യാര്‍ത്ഥികളെന്ന പോലെ അധ്യാപകരും ആശ്വാസത്തിലാണ്. നേരിട്ട് പഠിപ്പിക്കുന്നതിനേക്കാള്‍ ജോലി ഭാരം ഏറെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്. കൂടാതെ ഓണ്‍ലൈന്‍ ക്ലാസ്‌കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ഗുണവുമുണ്ടാകില്ലെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നു. എല്ലാവരും സ്‌കൂള്‍ തുറക്കണമെന്ന് തന്നെയാണ് ആഗ്രഹിച്ചതും. കോവിഡിന്റെ ആദ്യഘട്ടത്തില്‍ അധ്യാപകര്‍ക്ക് കോവിഡ് ഡ്യൂട്ടിയും നല്‍കിയിരുന്നു. കോവിഡ് ഡ്യൂട്ടിയും, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കലും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും ആശ്വാസമാണ് സ്‌കൂള്‍ തുറന്നപ്പോള്‍. കാരണം മണിക്കൂറുകളാണ് ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണിന്റെ മുന്നില്‍ ചിലവിടുന്നത്. അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്കയും തുടക്കം മുതല്‍ രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ തുറന്നതോടെ ആ ആശങ്ക മാറിയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കൂടാതെ ക്ലാസുകളുടെ സമയക്രമവും വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാന്‍ പോലുമാകാതെ വീട്ടില്‍ തന്നെയിരിപ്പായിരുന്നു എന്നാണ് രക്ഷിതാക്കള്‍ പറഞ്ഞിരുന്നത്.

നാളെ ആരംഭിക്കുക ഒന്നുമുതല്‍ ഏഴുവരെയും പത്ത്, 12 ക്ലാസുകളാണ് , ഈ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളു. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികള്‍ മാത്രമേ പാടുള്ളു, വിദ്യാര്‍ത്ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ട് ദിവസവും, ബാക്കി ഓരോ ബാച്ചിനുിം തുടര്‍ച്ചയായി മൂന്ന് ദിവസവും സ്‌കൂളുകളിലേക്ക് വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സ്ഥിരമായി അതില്‍ത്തന്നെ തുടരണമെന്നുമാണ് നിര്‍ദ്ദേശം.
വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമോ പാടുള്ളു, ആദ്യ രണ്ടാഴ്ച ഹാജര്‍ ഉണ്ടാകില്ലെന്നും കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഉച്ചയ്ക്കുശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടരും, ആദ്യഘട്ടത്തില്‍ ഉച്ചവരെ മാതാരമായിരിക്കും ക്ലാസുകള്‍. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 8.30-ന് നടക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുക്കും.

കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി 24,300 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിനായി 2.85 കോടി രൂപയും നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ 49 പ്രവൃത്തിദിനങ്ങളിലെ സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിനായി 105.5 കോടി രൂപയും നല്‍കിയതായും മന്ത്രി അറിയിച്ചു. ഈ രണ്ടു മാസങ്ങളിലേക്കുള്ള പാചകത്തൊഴിലാളികളുടെ ഓണറേറിയം തുകയായ 45 കോടി രൂപയും മുന്‍കൂറായി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്‌കൂള്‍ ഗ്രാന്റ് ഇനത്തില്‍ 11 കോടി അനുവദിച്ചുവെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി നവംബര്‍ മാസത്തിനുള്ളില്‍ ബാക്കി 11 കോടിയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മെയിന്റനന്‍സ് ഗ്രാന്‍ഡ് ഇനത്തില്‍ എല്ലാ ഉപഡയറക്ടര്‍മാര്‍ക്കും 10 ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഈ തുക ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും ഇത് ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles