തിരുവനന്തപുരം: അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനമര്‍ദങ്ങള്‍ രൂപമെടുത്തു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറേ ദിശയിൽ സഞ്ചാരിക്കുന്ന ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം മാറ്റന്നാളോടെ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.
രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദവും ചക്രവാതച്ചുഴിയുമാണ് ശക്തമായ മഴയ്ക്ക് കാരണം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ മണിക്കൂറുകളിലെ ശക്തമായ മഴയുടെയും വെള്ളക്കെട്ടിന്റേയും പശ്ചാത്തലത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.

