തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജിനെതിരെ (Veena George) ആരോപണവുമായി പരാതിക്കാരിയായ അനുപമ. ദത്ത് നൽകിയ സംഭവത്തിൽ രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായി അനുപമ ആരോപിക്കുന്നു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ സമർപ്പിച്ചത് കൊല്ലം കേന്ദ്രത്തിന്റെ അഡോപ്ഷൻ ലൈസൻസ് ആണെന്നും തിരുവനന്തപുരം കേന്ദ്രത്തിന് ഉള്ളത് ഓർഫനേജ് രജിസ്‌ട്രേഷൻ ലൈസൻസ് മാത്രമാണെന്നും സമരസമിതി ആരോപിക്കുന്നു. തിരുവനന്തപുരം കേന്ദ്രത്തിന് അഡോപ്ഷൻ ലൈസൻസ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും അനുപമ ആവശ്യപ്പെട്ടു. കോടതിയെ ഗവ പ്ലീഡർ തെറ്റുധരിപ്പിച്ചുവെന്ന് അനുപമ പറഞ്ഞു. മേൽകോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്നും സമരസമിതി അറിയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും തന്റെ മൊഴി എടുത്തിട്ടില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

