Sunday, January 11, 2026

തുടർകഥയായി സ്ത്രീധന പീഡനം; ഭര്‍ത്താവിനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കുമെന്ന് നാത്തൂന്‍; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുല്‍ത്താന്‍ ബത്തേരി: സ്ത്രീധനം ചോദിച്ച്‌ ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും മര്‍ദ്ദിച്ചെന്നാരോപിച്ച്‌ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂലങ്കാവ് ആണ് സംഭവം. പരേതനായ മുരളീധരന്റെയും സിന്ധുവിന്റെയും മകള്‍ അശ്വതി (27) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2000 ഓഗസ്റ്റ് 20നായിരുന്നു അശ്വതിയുടെയും കൊല്ലം കൊട്ടാരക്കര വാളകം സുരഷ് ഭവനില്‍ സുരേന്ദ്രന്റെയും രാധാമണിയുടെയും മകന്‍ സുരേഷി (33)ന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ സ്ത്രീധനം ചോദിച്ച്‌ പീഡനമായിരുന്നുവെന്ന് യുവതി പറയുന്നു.

സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണം വിറ്റ് ജെ സി ബിയും കാറും വാങ്ങി, വീട്ടിലെ കടബാധ്യത തീര്‍ത്ത ഭര്‍ത്താവ് യുവതിയോട് വീണ്ടും സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദിച്ചത്. സുരേഷിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പോലീസുകാരോട് കരഞ്ഞുപറഞ്ഞിട്ടും അയാള്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ അവര്‍ തയ്യാറായില്ലെന്ന് അശ്വതിയുടെ അമ്മ വെളിപ്പെടുത്തുന്നു. നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന നിലപാടില്‍ ആണ് അശ്വതി ഇപ്പോഴും. പോലീസുകാര്‍ ഇങ്ങനെ മനഃസാക്ഷിയല്ലാതെ പെരുമാറിയാല്‍, ഇവനെപോലെയുള്ള സുരേഷ്കുമാര്‍ ഇനിയും വാഴില്ലേ എന്നാണ് യുവതിയുടെ അമ്മ ചോദിക്കുന്നത്.

‘ഫ്രോഡ് കുടുംബം ആണ് അവരുടേത്. പൈസക്ക് വേണ്ടി മാത്രമാണ് അവര്‍ എന്നെ കല്യാണം കഴിച്ചത്. എന്റെ ജീവിതം കുട്ടിച്ചോറാക്കി. പെങ്ങളാണ് മെയിന്‍, അവള്‍ വേറെ ഒരു പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ട് എന്ന് പറയുന്നു. അതാരാണെന്ന് എനിക്കറിയില്ല. ചോദിച്ചപ്പോള്‍ എന്റെ ഭര്‍ത്താവിനെ കൊണ്ട് കെട്ടിക്കാന്‍ വെച്ചിരിക്കുന്ന പെണ്ണാണ് അവള്‍ എന്ന് പറഞ്ഞു. എന്റെ ജീവിതം നശിപ്പിച്ചു. പോലീസ് സ്റ്റേഷനില്‍ പട്ടിയെ പോലെ കയറി ഇറങ്ങുവാണ്. പോലീസ് നടപടി എടുക്കുന്നില്ല. പണവും സ്വര്‍ണവും എല്ലാം അവര്‍ എടുത്തു. എന്റെ കയ്യില്‍ ഒന്നുമില്ല’, അശ്വതി കണ്ണീരോടെ പറയുന്നു.

Related Articles

Latest Articles