ലക്നൗ: യുപിയിൽ പുതുതായി ആരംഭിക്കുന്ന വിമാനത്താവളത്തിന് മാത്രമല്ല അയോദ്ധ്യയിലെ സർവകലാശാലയ്‌ക്കും ശ്രീരാമന്റെ പേര് തന്നെ നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ന് അയോദ്ധ്യയിലെത്തിയത്.
‘മുൻ എസ്പി, ബിഎസ്പി സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും യോഗി ആദിത്യനാഥ് സർക്കാരും വിശ്വാസത്തിന്റെ അഭിമാനം പുനഃസ്ഥാപിച്ചു. കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവരെ മറക്കരുത്.ഈ ക്ഷേത്രനിർമ്മാണം നിർത്താൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ധൈര്യമുള്ളവരുണ്ടെങ്കിൽ തടഞ്ഞ് നോക്കൂ , കാണട്ടെ . അത് തടയാൻ ആർക്കും ധൈര്യമില്ല. അയോദ്ധ്യയിലെ ഒരു സർവകലാശാലയ്‌ക്കും നിർദ്ദിഷ്ട അന്താരാഷ്‌ട്ര വിമാനത്താവളത്തിനും ശ്രീരാമന്റെ പേര് നൽകും. എന്തുകൊണ്ടാണ് രാം ലല്ലയ്‌ക്ക് ഇതുവരെ ഒരു ക്ഷേത്രമൊരുങ്ങാത്തതെന്ന് ചിന്തിക്കണം. ആരാണ് ഇതുവരെയുള്ള നിർമാണം തടഞ്ഞത്? ആരാണ് രാമനവമി ആഘോഷങ്ങൾ തടഞ്ഞത്? ആരാണ് ദീപോത്സവം തടഞ്ഞത്? ഇതൊക്കെ ഓരോരുത്തരും ആലോചിക്കണം’- അദ്ദേഹം പറഞ്ഞു.
അതേസമയം രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മേധാവി നൃത്യ ഗോപാൽ ദാസിനൊപ്പം അമിത് ഷാ അയോദ്ധ്യയിലെ മറ്റ് വികസന പദ്ധതികളും അവലോകനം ചെയ്തു.

