കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഒരു മന്ത്രി മന്ദിരം കൂടി പണിയാൻ സർക്കാർ. 21 മന്ത്രിമാർക്കായി 20 മന്ത്രി മന്ദിരങ്ങളാണ് സംസ്ഥാനത്തുള്ളത്. വാടക വീട്ടിൽ താമസിക്കുന്ന കായിക മന്ത്രി അബ്ദുറഹ്‌മാന് വേണ്ടിയാണ് പുതിയ മന്ത്രി മന്ദിരം പണിയുക. മന്ദിരത്തിനായി വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. ഇതിന്റെ പിൻഭാഗത്താണ് പുതിയ മന്ദിരം നിർമിക്കുന്നത്. റോസ് ഹൗസ് വളപ്പിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിനായുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടാനും, പുതിയ വാഹനങ്ങൾ വാങ്ങാനും, ചികിത്സാ ചെലവുകൾക്കും വലിയ തുകകളാണ് സർക്കാർ ചെലവഴിക്കുന്നത്. ലോക കേരള സഭക്കായി നടത്തിയിരുന്ന ധൂർത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കായി വെള്ള വാഹനങ്ങൾക്ക് പകരം കറുത്ത പുത്തൻ വാഹനങ്ങൾ വാങ്ങിയത് ഏതാനും ദിവസം മുമ്പാണ്.

