Monday, January 5, 2026

‘മോശമായി കളിച്ചാൽ കോടികള്‍ നല്‍കാം; ഒത്തുകളിക്കാന്‍ പാക് മുന്‍ നായകന്‍ പണം വാഗ്ദാനം ചെയ്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തുമായി ഷെയ്‌ന്‍ വോണ്‍

സിഡ്‌നി: മുന്‍ പാകിസ്ഥാന്‍ നായകന്‍ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി ഓസ്ട്രേലിയന്‍ താരം ഷെയ്‌ന്‍ വോണ്‍ (Shane Warne) രംഗത്ത്. പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുക്കുന്നതിന് ഒന്നരക്കോടി രൂപ മാലിക് തനിക്ക് വാഗ്ദാനം ചെയ്തുവെന്നാണ് ഷെയ്‌ന്‍ വോണിന്റെ വെളിപ്പെടുത്താൽ.

1994ല്‍ കറാച്ചിയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന്റെ സമയം സലീം മാലിക് തന്നെ സമീപിച്ചതായാണ് വോണ്‍ പറയുന്നത്. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വോണിന്റെ വെളിപ്പെടുത്തല്‍. 1994ല്‍ കറാച്ചിയില്‍ നടന്ന ടെസ്റ്റിന്റെ നാലാം ദിവസമാണ് സംഭവം നടന്നത്. തങ്ങള്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു. മത്സരത്തിനിടയ്ക്ക് മാലിക് തന്നെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇത് പ്രകാരം താന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തി. നല്ല മത്സരമാണല്ലേ നടക്കുന്നതെന്ന് മാലിക് തന്നോട് ചോദിച്ചു. അതെയെന്നും തങ്ങള്‍ക്ക് മത്സരം ജയിക്കേണ്ടതുണ്ടെന്നും താന്‍ മറുപടിയും നല്‍കി.

പാകിസ്താന്‍ തോറ്റാല്‍ തങ്ങളുടേയും ബന്ധുക്കളുടേയുമെല്ലാം വീട് അഗ്നിക്കിരയാകുമെന്ന് മാലിക് പറഞ്ഞു. ഞാനും റൂമിലെ സഹതാരം ടിം മേയും മോശം കളി പുറത്തെടുക്കണമെന്നും അതിന് ഒന്നര കോടി രൂപ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. ഞെട്ടിപ്പോയ ഞാന്‍ മാലികിനെ തെറി വിളിച്ച് അദ്ദേഹത്തിന്റെ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി.

ഈ സംഭവം ഞാന്‍ ടീം മാനേജ്‌മെന്റിനേയും അറിയിച്ചു. എനിക്കൊപ്പമുണ്ടായിരുന്ന ടിം മെയ് പരിശീലകന്‍ ബോബ് സിംപ്‌സണേയും ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറേയും ഇക്കാര്യം അറിയിച്ചതായും വോണ്‍ കൂട്ടിച്ചേർത്തു.
അതേസമയം ഒത്തുകളിയെ തുടര്‍ന്ന് സലീം മാലിക്കിന് 2000-ത്തില്‍ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചു. പാകിസ്താനായി 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 15 സെഞ്ചുറി ഉള്‍പ്പെടെ 5768 റണ്‍സും 283 ഏകദിനങ്ങളില്‍ നിന്ന് 7170 റണ്‍സും മാലിക് അടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles