പാലക്കാട്: പാലക്കാട് ഉമ്മിനിയില്‍ ആൾത്താമസമില്ലാത്ത വീട്ടില്‍ നിന്നും വനം വകുപ്പ് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലിയെത്തി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേ മുക്കാലോടെ മക്കളെ തേടി അമ്മപ്പുലി എത്തിയ ദൃശ്യം വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അതേസമയം പുലിക്കെണി സ്ഥാപിച്ച സ്ഥലത്താണ് അമ്മപ്പുലിയെത്തിയത്. എന്നാല്‍ പുലിയെ പിടികൂടാനായില്ല. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല പുലിക്കുഞ്ഞുങ്ങളെ ഒലവക്കോട് വനംവകുപ്പ് ഡിവിഷനൽ ഓഫിസിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി.
കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട് അകത്തേത്തറ ഉമ്മിണി പപ്പാടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഉച്ചയ്ക്ക്12.30 ന് വീട്ടിൽ നിന്നു പുലി ഇറങ്ങിപ്പോകുന്നതു കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാഴ്ച പ്രായമുള്ള രണ്ടു പുലിക്കുട്ടികളെ കണ്ടത്.
പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. അമ്മപ്പുലിയെ പിടികൂടാനായി സമീപപ്രദേശങ്ങളിൽ കൂടൊരുക്കിയിട്ടുണ്ട്. റേഞ്ച് ഓഫിസർ ആഷിഖലി, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.ജി. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യേഗസ്ഥർ സ്ഥലത്തുണ്ട്.

