ആലപ്പുഴ: ആർഎസ്എസ് (RSS) പ്രവർത്തകനായ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. കുമാരപുരം പൊത്തപ്പള്ളി തെക്ക് പീടികയിൽ വീട്ടിൽ ടോം പി തോമസ് , കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണു, തൃക്കുന്നപ്പുഴ കിഴക്കേക്ക ര വടക്ക് നിഷ ഭവനത്തിൽ കിഷോർ കുമാർ ( കൊച്ചി രാജാവ് 34), കുമാരപുരം താമല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ കുമാരപുരം എരിക്കാവ് കൊച്ചുപുത്തൻ പറമ്പിൽ സുമേഷ്, താമല്ലാക്കൽ പുളിമൂട്ടിൽ സൂരജ് എന്നിവരെയാണ് ഹരിപ്പാട് സി ഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത് ചന്ദ്രൻ ബുധനാഴ്‌ച്ച രാത്രിയാണ് കൊല്ലപ്പെടുന്നത്. രാത്രി 11ന് പുത്തൻകരി ക്ഷേത്രത്തിലെ ഉത്സവം കൂടിയതിന് ശേഷം കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശരത്തിനെ കരിപ്പൂത്തറ ജങ്ഷനിൽ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രിയമില്ലെന്നും അമ്പലപറമ്പിലെ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു

