Thursday, January 1, 2026

സ്‌കൂള്‍ വിദ്യാഭ്യാസ നയത്തിന്റെ കരട് സമര്‍പ്പിച്ചു

വിദ്യാഭ്യാസ നയത്തിന്റെ കരട് സമര്‍പ്പിച്ചു

ദില്ലി: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന വിദ്യാഭ്യാസ നയത്തിന്റെ കരട് സമര്‍പ്പിച്ചു. കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിഷന്റെ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാലിന് കൈമാറി. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള ക്ലാസില്‍ സംസ്‌കൃതം പഠിക്കാമെന്നും കരട് രേഖയില്‍ നിര്‍ദ്ദേശമുണ്ട്.

1968 ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയത്തില്‍ കാതലായ അഴിച്ചുപണി നടത്തിയാണ് പുതിയ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. നിലവിലെ പത്ത് -പ്ലസ് ടു രീതി പൊളിച്ചെഴുതുന്ന പുതിയ നയത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും നിര്‍ദേശിക്കുന്നു. പത്ത്, പ്ലസ്ടു രീതിക്ക് പകരം അഞ്ച്, മൂന്ന്, മൂന്ന്, നാല് എന്നിങ്ങനെയായിരിക്കും പുതിയ വിദ്യാഭ്യാസക്രമം.

അതായത്. ഒന്നുമുതല്‍ അഞ്ച് വരെ പ്രൈമറി, ആറുമുതല്‍ എട്ട് വരെ അപ്പര്‍ പ്രൈമറി, 9, 10 ക്ലാസുകള്‍ സെക്കന്ററിയും പതിനൊന്ന്, പന്ത്രണ്ട് ഹയര്‍സെക്കന്ററിയായി കണക്കാക്കുന്ന രീതി അപ്പാടെ മാറും. പകരം മൂന്നുമുതല്‍ പതിനെട്ട് വയസുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളെ നാല് വിഭാഗമാക്കി തിരിക്കുന്നതാണ് പുതിയ രീതി.

ഇതിന്‍ പ്രകാരം ഒന്ന്, രണ്ട് ക്ലാസുകള്‍ പ്രീപ്രൈമറി വിഭാഗത്തിലും, മൂന്ന്, നാല്,അഞ്ച് ക്ലാസുകള്‍ ലേറ്റര്‍പ്രൈമറിയിലും, ആറ്, ഏഴ്, എട്ട് ക്ലാസുകള്‍ അപ്പര്‍പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുത്തും. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ സെക്കന്ററി വിഭാഗത്തിലാണ്. സെക്കന്ററിയില്‍ സെമസ്റ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്.

പരീക്ഷാ രീതിയിലും അദ്ധ്യാപകരുടെ പരിശീലനപരിപാടിയിലും കാതലായ മാറ്റങ്ങള്‍ കരടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 2017ലാണ് വിദ്യാഭ്യാസനയത്തില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് കസ്തൂരിരംഗന്‍ കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

Related Articles

Latest Articles