Friday, November 27, 2026

റഷ്യക്കൊപ്പം എന്ന സൂചന നൽകി ചൈന; റഷ്യയുടേത് അധിനിവേശമല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

ബെയ്‌ജിങ്‌∙ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ പിന്തുണക്കുന്ന പ്രസ്താവനയുമായി ചൈന. ‘റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാൻ ആവില്ല. വളരെ മുൻവിധി കലർന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്’- ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. ‘എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം’-ചുൻയിങ് പറഞ്ഞു.

‘യുക്രെയ്ൻ സംഭവം വളരെ സങ്കീർണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേർന്ന ഒന്നാണ്. എന്നാൽ യുഎസും വടക്കൻ യൂറോപ്പും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയിൽ എണ്ണ ചേർക്കുന്ന ഒന്നാണ്’- ചുൻയിങ് കൂട്ടിച്ചേർത്തു. യുക്രൈനിലെ ചൈനീസ് ജനത ശാന്തത കൈവിടരുതെന്നും വീടുകൾക്കുള്ളിൽ സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ആവശ്യപ്പെട്ടു.

ഇന്ന് പുലർച്ചെയാണ് റഷ്യ യുക്രൈനെതിരെ സൈനിക നടപടിയാരംഭിച്ചത്. യുക്രൈനിന്റെ കിഴക്കൻ ഭാഗത്തുകൂടെ റഷ്യൻ സൈന്യം ഇരമ്പി കയറുകയും എല്ലാ പ്രധാന നഗരങ്ങളിലും വ്യോമാക്രമണം നടത്തുകയുമായിരുന്നു.

Related Articles

Latest Articles