Monday, September 28, 2026

സംഘ ശാഖാ വാർഷികത്തിൽ പങ്കെടുത്ത മന്നം പറഞ്ഞ വാക്കുകൾ

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ എറണാകുളം ശാഖാവാർഷിക സമ്മേളനത്തിൽ സംഘത്തിന്റെ അന്നത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി പങ്കെടുത്ത വേദിയിൽ മന്നത്ത് പദ്മനാഭൻ പറഞ്ഞ വാക്കുകളിൽ നിന്ന് തുടങ്ങാം. ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവുമാണ് RSS എന്നാണ് മന്നം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. 1957 ഒക്ടോബറിൽ മന്നം പറഞ്ഞ ഈ വാക്കുകൾ ചരിത്രത്തിന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. 1948 ൽ നടന്ന ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തം സംഘത്തിന്റെ തലയിൽ കെട്ടിവെക്കാൻ ഭരണകൂടം പരമാവധി ശ്രമിച്ചപ്പോഴും മന്നത്ത് പത്മനാഭനെ പോലെയുള്ള നേതാക്കൾ ഭരണകൂടത്തിന്റെ പ്രചാരണങ്ങളിൽ വിശ്വാസമർപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം രാഷ്ട്രീയമായി കോൺഗ്രസിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണെന്ന് ഓർക്കണം. തിരുവിതാംകൂറിലെ ആദ്യ എം എൽ എ മാറിൽ ഒരാളാണ് മന്നം. ദിവാൻ സിപി രാമസ്വാമി രാജിവച്ചൊഴിഞ്ഞ ശേഷം 1948 ൽ തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം അടിസ്ഥാനപ്പെടുത്തി നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മന്നം മത്സരിച്ചത്. കോൺഗ്രസ് നേതൃമണ്ഡലത്തിലേക്കുള്ള മന്നത്തു പത്മനാഭന്റെ രംഗപ്രവേശം പാർട്ടിയുടെ പ്രതിച്ഛായയും ജനസ്വാധീനവും വർധിക്കാൻ സഹായമായെന്നു തിരിച്ചറിഞ്ഞതിനാലാണ് മന്നത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പത്തനംതിട്ടയിലെ കുമ്പഴ-വള്ളിക്കോട് നിയോജകമണ്ഡലമാണ് മന്നത്തിനായി നീക്കിവച്ചത്. ചിറ്റൂർ രാജഗോപാലൻ നായരായിരുന്നു മുഖ്യ എതിരാളി. മന്നത്തോടാണു മത്സരിക്കുന്നതെന്നറിഞ്ഞപ്പോഴേ വിജയപ്രതീക്ഷ നഷ്ടപ്പെട്ട രാജഗോപാലൻ നായർ പിന്മാറി. അങ്ങനെ മന്നം വൻ ഭൂരിപക്ഷത്തോടെ അനായാസം ജയിച്ചു. മന്നത് പത്മനാഭൻ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു. സാമൂഹിക വ്യവസ്ഥിതിയിൽ നിന്ന് പുരോഗമനപരമല്ലാത്ത പലതിനെയും തള്ളിക്കളഞ്ഞ് സ്വയം നവീകരിക്കാൻ ഹിന്ദു സമൂഹത്തിന് സമാനതകളില്ലാത്ത നേതൃത്വം നൽകിയ വ്യക്തി. 18 19 നൂറ്റാണ്ടുകളിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥയെ കുറിച്ച് എഴുതപ്പെട്ട പല പുസ്തകങ്ങളിലും നിറം പിടിപ്പിച്ച കഥകളാണ്. പക്ഷെ സാമൂഹിക വ്യവസ്ഥിതി ഈ പുസ്തകങ്ങളിൽ പറയുന്നത്ര മോശമായിരുന്നില്ലെങ്കിലും ഉച്ചനീചത്വങ്ങൾ സമൂഹത്തിൽ വ്യാപകമായിരുന്നു. നവോത്ഥാനത്തിലൂടെ ഈ സമൂഹത്തെ പരുവപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച മഹാത്മാക്കളിൽ ഒരാളാണ് ശ്രീ മന്നത്ത് പത്മനാഭൻ. കേരളത്തിൽ നിലനിന്നിരുന്ന ഭൂ വ്യവസ്ഥിതി സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ആളിക്കത്തിച്ചിരുന്നു. പാശ്ചാത്യ നാടുകളിൽ അന്ന് നിലനിന്നിരുന്ന വർണ്ണ വിവേചനങ്ങളുടെ അത്രയും മോശമായിരുന്നില്ല അന്നും കേരളത്തിലെ സാമൂഹിക വ്യവസ്ഥിതി. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠ സ്വാമികളും അയ്യന്കാളിയുമെല്ലാം ചെയ്ത നവീകരണത്തിന്റെ പടനിലമായിരുന്നു മന്നത്ത് പദ്മനാഭന്റെയും കർമ്മ മണ്ഡലം. നായർ സർവ്വീസ് സൊസൈറ്റി എന്ന സമുദായ സംഘടനയുടെ സ്ഥാപകൻ എന്ന നിലയിൽ മാത്രമല്ല, വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങൾ മുതൽ വിമോചന സമരം വരെ മന്നം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. വിമോചന സമരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതുപോലെ മന്നത്ത് പദ്മനാഭനാണ്. 1957 ൽ കേരളത്തിൽ അധികാരത്തിലെത്തി ജനാധിപത്യത്തെയും ഭരണ ഘടനയെയും അട്ടിമറിക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന്‌ പിന്നീടദ്ദേഹം മികച്ച നേതൃത്വം നൽകി. ജനവിരുദ്ധ സർക്കാർ നിലം പതിക്കും വരെ അദ്ദേഹം വിശ്രമിച്ചില്ല. കമ്മ്യൂണിസ്റ്റ് അപ്രമാദിത്വത്തിനു നട്ടെല്ല് വളച്ചു നിൽക്കുന്ന സമകാലിക കേരളത്തിന് മന്നത്ത് പദ്മനാഭൻ ഈ 52 ആം സമാധി ദിനത്തിലും ഒരു അനശ്വര സന്ദേശമാണ്

Related Articles

Latest Articles