കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ സഹകരണ മന്ത്രിയെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കൊല്ലം കുണ്ടറ മുളവനയിലെ പവിത്രം കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷാചരണവുമായി ബന്ധപ്പെട്ട് ‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹ്കാര്‍ സേ സമൃദ്ധി) പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണത്തിനാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും, രാജ്യത്ത് സ്ത്രീകള്‍ക്കായി 36 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞത് ഭരണനേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സംസാരിക്കവെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. ബാങ്ക് തട്ടിപ്പിലെ കുറ്റക്കാരില്‍ നിന്നും പണം കണ്ടുകെട്ടി സഹകരണ വകുപ്പിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും സുരേഷ് ഗോപി വേദിയില്‍ ആവശ്യപ്പെട്ടു.

