കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി നടത്തിയ പ്രസ്താവന കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് അനുസൃതമല്ലെന്ന് വ്യക്തമായ സൂചന. ‘മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനം, അല്ലാതെ വാഹനത്തില്‍ സഞ്ചരിക്കുന്നവരെല്ലാം മന്ത്രിയല്ല’ എന്നായിരുന്നു കെ. എം. ഷാജി മാധ്യമങ്ങളോട് വിശദീകരിച്ചത്. താന്‍ ചെയ്തതില്‍ നിയമപരമായ തെറ്റില്ലെന്ന വിചിത്ര വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. എന്നാല്‍ നിലവിലെ കേരള മോട്ടോര്‍ വാഹന നിയമവും വകുപ്പുതല ഉത്തരവുകളും പരിശോധിക്കുമ്പോള്‍ ഈ പ്രസ്താവന ചട്ടലംഘനം മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാകുന്നു.
കേരള മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം 92 എ (Rule 92A) പ്രകാരവും 2015-ലെ ഗതാഗത വകുപ്പിന്റെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരവും, മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യത്തിനായി അനുവദിച്ച് നല്‍കിയിട്ടുള്ള വാഹനങ്ങളില്‍ മാത്രമേ ‘സര്‍ക്കാര്‍ ബോര്‍ഡ്’ അല്ലെങ്കില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ പതിപ്പിക്കാന്‍ നിയമപരമായ അനുമതിയുള്ളൂ. ജനപ്രതിനിധികളായ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും അവരുടെ സ്വന്തം വാഹനങ്ങളിലോ അവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലോ ‘എം.പി’ / ‘എം.എല്‍.എ’ ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ മന്ത്രിമാരുടെ കാര്യത്തില്‍ ഈ ഇളവില്ല. സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളില്‍ മാത്രമേ മന്ത്രിയുടെ ബോര്‍ഡ് സ്ഥാപിക്കാവൂ.
മന്ത്രിക്ക് അനുവദിച്ച ഔദ്യോഗിക വാഹനം സര്‍വീസിനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ മാറ്റിവെക്കേണ്ടി വന്നാല്‍, പകരം ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വെക്കണമെങ്കില്‍ പൊതുഭരണ വകുപ്പിന്റെയോ മുഖ്യമന്ത്രിയുടെയോ പ്രത്യേക ഉത്തരവോ അനുമതിയോ ആവശ്യമാണ്. ഇത്തരം അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ചട്ടലംഘനമാണ്. ഔദ്യോഗിക വാഹനം വര്‍ക്ക്ഷോപ്പില്‍ സര്‍വീസിന് നല്‍കിയതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും ഇതിന് സര്‍ക്കാരില്‍ നിന്ന് ഇന്ധനച്ചെലവ് കൈപ്പറ്റിയിട്ടില്ലെന്നുമാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാല്‍, ഒരു മന്ത്രി വ്യക്തിപരമായ സൗകര്യത്തിന് സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോള്‍ അതില്‍ ‘സര്‍ക്കാര്‍ ബോര്‍ഡ്’ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് തന്നെയാണ് ചട്ടങ്ങള്‍ സൂചിപ്പിക്കുന്നത്.
നിയമങ്ങള്‍ നിര്‍മ്മിക്കേണ്ട ഭരണാധികാരികള്‍ തന്നെ ഇത്തരം മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിക്കുകയും, അതിന് തെറ്റായ വ്യാഖ്യാനം നല്‍കുകയും ചെയ്യുന്നത് നിയമവാഴ്ചയ്ക്ക് ചേര്‍ന്നതല്ലെന്നാണ് നിയമവിദഗ്ദ്ധരുടെ നിരീക്ഷണം.

