Saturday, December 27, 2025

തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് ; വിജിലൻസ് അന്വേഷിക്കും; തീരുമാനം ആഭ്യന്തര വകുപ്പിന്റേത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും.നിലവിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഫണ്ട് തട്ടിപ്പിൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രം പങ്കെന്നാണ് പോലീസ് വിലയിരുത്തുന്നത്. രാഷ്ട്രീയ നേതാക്കൾക്കെതിരെ തെളിവില്ലെന്ന് പോലീസ് വിശദീകരിച്ചു. കോർപ്പറേഷനിലെ സീനിയർ ക്ലർക്ക് രാഹുൽ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ.

അതേസമയം തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്ക വിഭാഗക്കാർക്ക് നൽകേണ്ടിയിരുന്ന ധനസഹായം വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തെന്നായിരുന്നു കേസ്. ധനസഹായത്തിന് അപേക്ഷ നൽകുന്നവരുടെ പേരിൽ തുക അനുവദിച്ച ശേഷം അവരുടേതിന് പകരം പ്രതികളുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.തുടർന്ന് ഏകദേശം ഒരു കോടി നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 46 അകൗണ്ടിലേക്ക് പണം വക മാറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

എന്നാൽ കേസിൽ രാഷ്ട്രീയ ഇടപെടലോ മറ്റുകാര്യങ്ങളോ ഇല്ലാത്തതുകൊണ്ടു തന്നെ ഉദ്യോഗസ്ഥ അഴിമതി കണ്ടെത്തുന്നതിന് വിജിലൻസിന് അന്വേഷണം കൈമാറുന്നുവെന്നാണ് അഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. ജില്ലാ ക്രൈം ബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകും മുൻപ് ആഭ്യന്തര വകുപ്പ് ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ ചില എതിർപ്പുകൾ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്.

Related Articles

Latest Articles