തിരുവനന്തപുരം: സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് 4.9 ശതമാനമായിരിക്കെ മലപ്പുറത്തെ ജനസംഖ്യാ വളർച്ച സംസ്ഥാനത്തിന്റെ മൂന്നിരട്ടിയെന്ന് റിപ്പോർട്ട് (Malappuram Birth Rate Report). ജനസംഖ്യാ വളർച്ചാ നിരക്ക് സംസ്ഥാനത്ത് കുറയുമ്പോൾ മലപ്പുറത്ത് കൂടിവരികയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് 4.9 ശതമാനം മാത്രമാണ്. എന്നാൽ മലപ്പുറത്ത് ഇത് 13.4 ശതമാനമാണ്. മലപ്പുറം കഴിഞ്ഞാൽ കാസർകോടാണ് ജനസംഖ്യാ വളർച്ചയിൽ മുന്നിൽ നിൽക്കുന്നത്. ഒൻപത് ശതമാനമാണ് നിരക്ക്. പാലക്കാടും കോഴിക്കോടും ഏഴ് ശതമാനമാണ്. എറണാകുളം ആറും, കണ്ണൂർ, വയനാട്, തൃശ്ശൂർ എന്നീ ജില്ലകളിൽ അഞ്ചുമാണ് വളർച്ചാ നിരക്ക്. ജനസംഖ്യാ വളർച്ച നിരക്ക് തെക്കൻ ജില്ലകളിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് ജനസംഖ്യാ വളർച്ച പത്തനംതിട്ടയിലാണ്. മൈനസ് മൂന്ന് ശതമാനമാണ് നിരക്ക്.
ഇടുക്കിയിൽ മൈനസ് 1.8 ശതമാനമാണ് വളർച്ചാ നിരക്ക്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒരു ശതമാനവും കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ രണ്ട് ശതമാനവുമാണ് ജനസംഖ്യാ വളർച്ച. കേരളത്തിലെ കുട്ടികളുടെ എണ്ണം ആകെ 34,72,955 ആണ്. ജനസംഖ്യാവളർച്ചയുടെ 10.3 ശതമാനം. ഇതിന്റെ ആറിൽ ഒന്ന് മലപ്പുറത്താണെന്ന് (5,74,041) കണക്കുകൾ സൂചിപ്പിക്കുന്നു. മലപ്പുറത്തെ ജനസംഖ്യയുടെ 14 ശതമാനവും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

