Saturday, January 3, 2026

ടിഎം കൃഷ്ണചന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേല്‍ശാന്തിയെ തെരെഞ്ഞെടുത്തു. പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടിഎം കൃഷ്ണചന്ദ്രനെയാണ് നറുക്കെടുപ്പിലൂടെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം.

ഉച്ചപൂജയ്ക്കു ശേഷം നമസ്‌കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശമനുസരിച്ച് വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് നിലവിലെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.

അതേസമയം ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഭക്തജനങ്ങള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

പുതിയ മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനം നടത്തിയ ശേഷം 31 ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം ക്ഷേത്രത്തില്‍ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകള്‍ നിര്‍വ്വഹിക്കും. 37കാരനായ ടി.എം. കൃഷ്ണചന്ദ്രന്‍ ബികോം കോഓപ്പറേഷന്‍ ബിരുദധാരിയാണ്. കൂടാതെ ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിലെ ക്ലാര്‍ക്കാണ്.

Related Articles

Latest Articles