Thursday, November 19, 2026

കെ റെയിൽ പ്രതിഷേധം: അറസ്റ്റിലായവരെ വിട്ടയച്ചു, സമരക്കാർ സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു; ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം

കോട്ടയം: മാടപ്പള്ളിയിൽ കെ- റെയില്‍ പദ്ധതിക്കായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തട‌ഞ്ഞ നാട്ടുകാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു.

സംഘർഷത്തിന് പിന്നാലെ അറസ്റ്റിലായ മൂന്ന് പേരെയും വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മാത്രമല്ല കല്ലിടലിനെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് പൊലീസ് സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്.

നേരത്തെ അറസ്റ്റിലായ നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയച്ചിരുന്നില്ല. ഇതേതുടർന്ന് പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഇതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം തന്നെ നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താൽ നടത്തും. കെ റെയിൽ വിരുദ്ധ സമരസമിതിയും യു.ഡി.എഫും ബി.ജെ.പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

Related Articles

Latest Articles