Friday, November 20, 2026

വിദ്യാർത്ഥികളോട് കടുത്ത അനീതിയും സാംസ്കാരിക അസഹിഷ്ണുതയും: മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ തടഞ്ഞ സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം!

ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന് കുരുന്നുകളുടെ ഭാവിയോടുള്ള കടുത്ത അനീതിയാണെന്ന് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം (UVAS) സംസ്ഥാന സമിതി വ്യക്തമാക്കി. ഡോ. ഹരികൃഷ്ണ ശർമ്മ, ഗോപീകൃഷ്ണൻ പി., സുശാന്ത് എസ്. ജി. എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ സാംസ്കാരിക അസഹിഷ്ണുതയെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതിയോടെ പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായതിന് ശേഷമാണ്, സംഘപരിവാർ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാണെന്ന മുടന്തൻ ന്യായം പറഞ്ഞ് സർക്കാർ സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് കുട്ടികളുടെ കഠിനാധ്വാനത്തെയും പഠനതാൽപര്യത്തെയും അവസാനഘട്ടത്തിൽ അട്ടിമറിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണപരമായ ഉത്തരവാദിത്തങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് സമിതി ചൂണ്ടിക്കാണിച്ചു.

ദേശാഭിമാനിയുടെ അക്ഷരമുറ്റം, ജമാഅത്തെ ഇസ്‌ലാമിയുടെ മലർവാടി, ജനയുഗത്തിന്റെ സഹപാഠി തുടങ്ങിയ മറ്റ് രാഷ്ട്രീയ-മത പ്രസിദ്ധീകരണങ്ങളുടെ പരിപാടികൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ സർവ്വവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമ്പോൾ മയിൽപ്പീലി പ്രസിദ്ധീകരണത്തിന് മാത്രം വിലക്കേർപ്പെടുത്തുന്നത് എന്ത് നീതിയാണെന്ന് അധികൃതർ വ്യക്തമാക്കേണ്ടതുണ്ട്. ഭാരതത്തിന്റെ മഹത്തായ സംസ്കാരം, പൈതൃകം, ദേശീയബോധം എന്നിവയോടുള്ള മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് യു.ഡി.എഫ് സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ സങ്കുചിത താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട സംവിധാനമല്ലെന്നും, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയ-മത താൽപ്പര്യങ്ങളുടെ പേരിൽ വേർതിരിച്ചു കാണുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് തന്നെ കളങ്കമാണെന്നും അദ്ധ്യാപകസംഘം ഓർമ്മിപ്പിച്ചു.

വിദ്യാർത്ഥികളുടെ അർഹമായ അവസരങ്ങൾ നിഷേധിക്കുന്ന ഈ വിവേചനപരമായ ഉത്തരവ് സർക്കാർ അടിയന്തരമായി പിൻവലിച്ച് സ്കോളർഷിപ്പ് പരീക്ഷയുടെ തുടർനടപടികൾക്ക് അനുമതി നൽകണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സനാതന മൂല്യങ്ങളെയും ദേശീയ പൈതൃകത്തെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സംരംഭങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.

Related Articles

Latest Articles