Friday, January 2, 2026

ശബരിമലയ്ക്ക് മുന്നിൽ മുട്ടുമടക്കി സിപിഎം: വിശ്വാസി വോട്ട്‍ തിരികെ കൊണ്ടുവരാൻ കേരള ഘടകത്തോട് കേന്ദ്രകമ്മിറ്റി

ദില്ലി: ശബരിമല വിഷയത്തില്‍ കേരള നേതൃത്വത്തിന്‍റെ നിലപാടുകൾ തെറ്റായിരുന്നെന്ന് പറയാതെ പറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി. കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ നഷ്ടമായെന്ന് വിലയിരുത്തിയ കേന്ദ്രകമ്മിറ്റി നഷ്ടമായ വിശ്വാസിവോട്ട് ഏതുവിധേനയും തിരികെ കൊണ്ടുവരാന്‍ കേരളം ഘടകത്തിന് നിർദേശം നൽകി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ 11 ഇന കര്‍മ്മ പദ്ധതികള്‍ നടപ്പാക്കും. ജനകീയ അടിത്തറ വീണ്ടെടുത്ത് നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണ് കർമപരിപാടിയുടെ ലക്ഷ്യം . ഇടത് ഐക്യം വിപുലപ്പെടുത്തുക, വര്‍ഗ ബഹുജന സംഘടനകളെ ശാക്തീകരിക്കുക, സംഘടനാ ദൗര്‍ബല്യങ്ങള്‍ മറികടക്കുക, ബഹുജന മുന്നേറ്റങ്ങള്‍ നടത്തുക തുടങ്ങിയ വിഷയങ്ങൾ 11 ഇന കര്‍മ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ അടവുനയം മാറ്റാതെ മുന്നോട്ടുപോകാനും തീരുമാനമായി.

പ്ലീന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് പറ്റിയ വീഴ്ചയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തിരിച്ചടിക്ക് മറ്റൊരു പ്രധാന കാരണമെന്നും വിലയിരുത്തലുണ്ട്. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വീണ്ടെടുക്കുന്നതിനും വേണ്ടിയായിരുന്നു പ്ലീനം വിളിച്ച് ചേര്‍ത്തത്. എന്നാല്‍ സംസ്ഥാനങ്ങള്‍ അതിന്റെ പ്രധാന്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല, പ്ലീനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. പ്ലീന തീരുമാനങ്ങള്‍ നടപ്പാക്കിയതും നടപ്പാക്കാത്തതും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മൂന്ന് മാസത്തിനകം സംസ്ഥാന കമ്മിറ്റികള്‍ നല്‍കണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതിനിടെ സിപിഎം സംസ്ഥാന ഘടകത്തിനെതിരെ വിമർശനമുയർത്തി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിക്ക് കത്തു നൽകി. വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലല്ലാതെ വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തണം. എന്തുകൊണ്ട് തിരിച്ചടിയേറ്റുവെന്നു സത്യസന്ധമായി പരിശോധന നടത്തണമെന്നും തൊടുന്യായം കണ്ടെത്തുന്നതിലേക്കു വിശകലനം പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Latest Articles